നാട്ടിക അപകടം: ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി
Mail This Article
തിരുവനന്തപുരം ∙ തൃശൂർ നാട്ടികയിൽ 5 പേരുടെ മരണത്തിനു കാരണമായ ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാര്‍. ലോറി ഉടമയ്ക്കു നോട്ടിസ് നല്‍കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. രാത്രികാല പരിശോധന കര്‍ശനമാക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. വാഹനമില്ലാത്തതാണു റോഡിലെ പരിശോധനയ്ക്കു തടസ്സം. വാഹനം ലഭ്യമാക്കണമെന്നു ധനവകുപ്പിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
നാട്ടിക അപകടത്തിന്റെ തുടർപ്രവർത്തനങ്ങൾ മന്ത്രി എം.ബി.രാജേഷ് ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം മന്ത്രി അടിയന്തരമായി തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു പുറപ്പെട്ടു. തടിലോറി നാടോടിസംഘത്തിനിടയിലേക്കു പാഞ്ഞുകയറിയാണ് 2 കുട്ടികളടക്കം 5 പേർ മരിച്ചത്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. ജെ.കെ തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം.
കണ്ണൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണം. മദ്യലഹരിയിൽ ക്ലീനറാണു വാഹനമോടിച്ചതെന്നു പൊലീസ് പറഞ്ഞു. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു.