ADVERTISEMENT

കൊച്ചി∙ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നവീൻ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിക്കുന്നത്. ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ഹർജിയിൽ പരാമർശമുണ്ട്. ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും. 

കണ്ണൂർ കലക്ടറേറ്റിൽ ഒക്ടോബർ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ആരൊക്കെ സന്ദർശിച്ചെന്നു കണ്ടെത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഇത് നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും നവീൻ താമസിച്ച ക്വാർട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാൽ നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിർണായക വിവരങ്ങൾ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി.പി.ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാൻ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. 

നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ വേഗത്തിൽ നടത്തിയതും സംശയങ്ങൾ ബലപ്പെടാൻ‌ കാരണമാകുന്നു. ഇൻക്വസ്റ്റ് നടപടികളിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം അന്വേഷണ സംഘം ഉറപ്പാക്കേണ്ടതാണ്. എന്നാൽ ബന്ധുക്കൾ എത്തും മുൻപാണ് നടപടികൾ പൂർത്തിയാക്കിയതെന്നും ഹർജിയിൽ പരാമർശിക്കുന്നു. നവീന്റെ മരണത്തിൽ പി.പി.ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. വകുപ്പുതല അന്വേഷണം മാത്രമായിരുന്നു നടന്നത്. യാത്രയയപ്പ് യോഗത്തിൽ ജില്ല പ്രസിഡന്റായിരുന്ന പി.പി.ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് സൂചിപ്പിച്ച് സംസാരിക്കുകയായിരുന്നു ദിവ്യ. ഇത് റെക്കോർഡ് ചെയ്യാൻ ക്യാമറാമാനെ കൊണ്ടുവരികയും ഈ ദൃശ്യങ്ങൾ പത്തനംതിട്ട ജില്ലയിലെ ജീവനക്കാർക്ക് അടക്കം അയച്ചു കൊടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. നവീൻ കോഴ വാങ്ങിയെന്ന് ആരോപിച്ച് പെട്രോൾ പമ്പ് അപേക്ഷകൻ മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പരാമർശമുണ്ട്.

English Summary:

ADM Naveen Babu Death: Who all visited Him ? Family alleges murder and hanging in petition to High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com