ADVERTISEMENT

കോഴിക്കോട്∙ പൊലീസിനെ വട്ടംകറക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പുതിയ വഴിത്തിരിവിൽ. ഹൈക്കോടതി അനുമതിയോടെ, ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുൽ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) വീണ്ടും മർദിച്ചതായി പരാതി. പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ട രാഹുലിനെതിരെ നീമയുടെ പരാതിയിൽ വധശ്രമത്തിനാണു കേസെടുത്തത്. ചെറിയ പ്രശ്നങ്ങളാണു മർദനത്തിൽ കലാശിച്ചതെന്ന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മീൻകറിക്ക് പുളി ഇല്ലെന്നു പറഞ്ഞാണ് രാഹുൽ മർദിച്ചതെന്ന് നീമ പൊലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചത്. തിങ്കളാഴ്ച വീണ്ടും മർദിച്ചു. പരുക്കേറ്റതോടെ നീമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം രാഹുൽ മുങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ആദ്യം പരാതി നൽകാൻ നീമ തയാറായില്ല. എന്നാൽ പറവൂരിൽനിന്നു മാതാപിതാക്കൾ എത്തിയശേഷം പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. നീമ മാതാപിതാക്കൾക്കൊപ്പം പറവൂരിലേക്കു പോകും. 

രാഹുലിന്റെ വീട്ടിൽനിന്ന് ഇന്നലെ രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നു പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്നാണു പറഞ്ഞത്. നേരത്തേ രാഹുൽ മർദിച്ചതുമായി ബന്ധപ്പെട്ടു യുവതിയുടെ പരാതിയിൽ രാഹുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

ഇതിനു പിന്നാലെ ജർമനിയിൽ ജോലി ഉണ്ടായിരുന്ന രാഹുൽ വിദേശത്തേക്കു കടന്നു. സിംഗപ്പുർ വഴിയാണ് ജർമനിയിലേക്കു പോയത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാതാപിതാക്കളുടെ നിർബന്ധം മൂലമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നും പരാതി വ്യാജമാണെന്നും അറിയിച്ച് നീമ രംഗത്തെത്തി. തുടർന്ന് ഹൈക്കോടതിയിൽ വിഷയം എത്തിയപ്പോൾ ഒരുമിച്ചുപോകാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും അറിയിച്ചു. ഇതേത്തുടർന്ന് കേസ് റദ്ദാക്കിയ കോടതി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുകയുമായിരുന്നു. 

രാഹുലിനു വിദേശത്തേക്കു കടക്കാൻ ഒത്താശ ചെയ്ത പൊലീസുകാരൻ ഉൾപ്പെടെ കേസിൽ പ്രതിയായിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന വിമർശനത്തിലും വനിതാ കമ്മിഷൻ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ടു പൊലീസുകാരെ ഐജി സസ്പെൻഡ് ചെയ്തു. പിന്നീട് രാഹുൽ ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പാകുന്ന ഘട്ടത്തിലാണ് രാഹുൽ തിരിച്ചെത്തിയത്. അതിനാൽ രാഹുലിനെ അറസ്റ്റ് ചെയ്തില്ല. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജി തീർപ്പാക്കി കേസ് കോടതി റദ്ദാക്കുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇരുവരും.

English Summary:

Pantheerankavu case: Woman accused her husband of attempted murder.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com