രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന ഹർജി; ഇരട്ട പൗരത്വ വിഷയം പരിഗണനയിലെന്ന് കേന്ദ്രം കോടതിയിൽ
Mail This Article
ലക്നൗ∙ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച വിഷയം പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ. രാഹുൽ ഗാന്ധി യുകെ പൗരനാണെന്നും അത് കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. പൗരത്വം സംബന്ധിച്ച വിവരം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 3 ആഴ്ചക്കുള്ളിൽ വിശദമായ മറുപടി നൽകാമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ, ബിജെപി പ്രവർത്തകനായ ശിശിര്‍ സമര്‍പ്പിച്ച സമാനമായ ഹർജി ഹൈക്കോടതി തള്ളുകയും പൗരത്വ നിയമം 1955 പ്രകാരം കോമ്പീറ്റന്‍റ് അതോറിറ്റിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നതിനു തെളിവുകൾ കൈവശമുണ്ടെന്നായിരുന്നു ശിശിറിന്‍റെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട്, യുകെ സർക്കാരിന്റെ ചില രഹസ്യ ഇമെയിലുകളും തന്‍റെ പക്കലുണ്ടെന്ന് ശിശിര്‍ അവകാശപ്പെട്ടു. കോമ്പീറ്റന്‍റ് അതോറിറ്റിക്ക് രണ്ട് തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ശിശിർ വീണ്ടും കോടതിയെ സമീപിച്ചത്. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശിശിര്‍ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.