ADVERTISEMENT

ന്യൂഡൽഹി ∙ പ്ലസ്ടു കോഴക്കേസില്‍ കേരള സര്‍ക്കാരിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) തിരിച്ചടി. അഴീക്കോട് മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജിക്കെതിരായ അപ്പീല്‍ സുപ്രീം‌ കോടതി തള്ളി. കോഴക്കേസ് ഹൈക്കോടതി തള്ളിയതിനെതിരെയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഷാജിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണു ഷാജിയെ പ്രതി ചേർത്തു വിജിലൻസ് കോഴക്കേസ് റജിസ്റ്റർ ചെയ്തത്. സ്കൂൾ മാനേജ്മെന്റിൽനിന്ന് അധ്യാപകൻ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്. പിന്നീട് ഈ അധ്യാപകന് ഇതേ സ്കൂളിൽ സ്ഥിരനിയമനം നൽകി. 2016ൽ ഈ തുക ഉപയോഗിച്ചാണു ഭാര്യയുടെ പേരിൽ ഭവന നിർമാണം നടത്തിയതെന്നു തെളിഞ്ഞുവെന്ന് ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടിരുന്നു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലാണു ഷാജിക്കെതിരെ കേസെടുത്തത്. തുടര്‍ന്നു ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്നു വ്യക്തമാക്കിയ വിജിലന്‍സ്, ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തു. ഈ പണം തിരഞ്ഞെടുപ്പുഫണ്ട് ആണെന്നും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടു ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പണം തിരിച്ചുനൽകാനാകില്ലെന്നു കോടതി വ്യക്തമാക്കി.

English Summary:

Bribery Case: Supreme Court Rules Against Kerala Govt, ED in K.M. Shaji Bribery Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com