ADVERTISEMENT

തൃശൂർ∙ നാട്ടികയിൽ നാടോടി സംഘത്തിനിടയിലേക്ക് പാ​ഞ്ഞുകയറിയ തടിലോറി ‘ബിഗ്ഷോ’യെ പിടികൂടിയത് സമീപത്തെ ഗ്രൗണ്ടിൽ പരീശീലനം നടത്തിയിരുന്ന യുവാക്കൾ. ഹൈവേയിൽനിന്നു വലിയ നിലവിളി കേട്ടതോടെയാണ് യുവാക്കൾ ഓടിയെത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ അപകടം നടന്നെന്ന് മനസ്സിലാക്കി. ഒപ്പം നിർമാണം നടക്കുന്ന ഭാഗത്തു കൂടി അസാധാരണമായി ഓടിച്ച് പോകുകയായിരുന്ന തടിലോറിയും ഇവർ കണ്ടു. യുവാക്കളുടെ സമയോചിത ഇടപെടലിലൂടെയാണ് ‘ബിഗ്ഷോ’ എന്നു പേരുള്ള ലോറി തടഞ്ഞ് നിർത്താൻ സാധിച്ചത്.

ലോറി ഓടിച്ചിരുന്ന ക്ലീനർ അലക്സ്, അപകടം നടന്നെന്ന് മനസ്സിലാക്കിയ ഉടൻ ലോറിയുമായി കടന്നുകളയാനാണ് ശ്രമിച്ചത്. ഡ്രൈവർ ജോസും വാഹനത്തിനുള്ളിലുണ്ടായിരുന്നു. നാടോടിസംഘത്തിനു മുകളിലൂടെ കയറ്റിയിറക്കിയ ശേഷം നിർമാണത്തിലിരിക്കുന്ന റോഡിലെ ഇടുങ്ങിയ ഭാഗത്ത് എത്തിയപ്പോഴാണ് യുവാക്കൾ ലോറി തടഞ്ഞത്. ലോറി മുന്നോട്ട് പോകാനാത്ത വിധം റോ‍‍ഡ് മണ്ണിട്ട് അടച്ചിരുന്നതിനാൽ പ്രതികൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. വൈകാതെ സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് സംഘത്തിന് യുവാക്കൾ പ്രതികളെ കൈമാറി. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പ്രതികൾ മദ്യലഹരിയിലാണ് KL 59 X 8789 ലോറി ഓടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ക്ലീനറായ അലക്സാണ് അപകട സമയത്ത് ലോറി ഓടിച്ചിരുന്നത്. കണ്ണൂർ ആലംകോട് സ്വദേശിയാണ് അലക്സ്. ഇയാൾക്ക് ലൈസൻസില്ല. കണ്ണൂരിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ലോറി വഴിയിലെവിടെയും പൊലീസ് പരിശോധനയ്ക്ക് വിധേയമായിരുന്നില്ല. അതിനാൽ തന്നെയാണ് ഇത്രയും വലിയ അപകടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വലപ്പാട് അപകടം നടന്ന ഭാഗത്ത് ക‍ൃത്യമായ ദിശാ സചനകൾ സ്ഥാപിച്ചിരുന്നെങ്കിലും മദ്യലഹരിയിൽ ഇവർ ഇതു ശ്രദ്ധിച്ചില്ല. തുടർന്ന് റോഡ‍ിൽ ഇട്ടിരുന്ന തെങ്ങിൻ തടികളും കോൺക്രീറ്റ് ബാരിക്കേഡുകളും ലോറി ഇടിച്ച് തെറിപ്പിച്ചു. എന്നിട്ട് പോലും ലോറി നിർത്താൻ അലക്സിന് സാധിച്ചില്ല. പിന്നെയും മുന്നോട്ട് പോയ ലോറി നാടോടി സംഘത്തിന് മുകളിലൂടെ കയറിയിറങ്ങി പോയി.

നടന്നത് വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ലോറി ഓടിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചത്. തടി കയറ്റി വന്ന ലോറിക്ക് ഏകദേശം മൂന്നു ടൺ ഭാരം ഉണ്ടായിരുന്നെന്നാണ് പ്രാഥമിക നിഗമനം. 12 പേരാണ് റോ‍ഡിൽ കിടന്നുറങ്ങിയിരുന്നത്. ഇതിൽ 5 പേരും തൽക്ഷണം തന്നെ മരിച്ചു. വലപ്പാട് തൃപ്രയാർ മേഖലകളിൽ ചെറിയ ജോലി ചെയ്താണ് നാടോടി സംഘം ജീവിച്ചിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

English Summary:

Thrissur Accident: Tragedy struck in Thrissur, Kerala, as a speeding timber lorry, driven by a drunk driver, crashed into a group of nomads sleeping on the roadside, claiming the lives of five people.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com