‘പരസ്യ പ്രസ്താവന വേണ്ട, അടുത്ത തിരഞ്ഞെടുപ്പാകണം ലക്ഷ്യം’: കേരള ബിജെപിയോടു കേന്ദ്രം
Mail This Article
തിരുവനന്തപുരം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ ഉണ്ടായ തമ്മിലടിയിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്രനേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും പരസ്യ പ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനം ശക്തമാക്കാനും സംസ്ഥാന ഘടകത്തിനു കേന്ദ്രം നിർദേശം നൽകി.
സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ.ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിൽ പാർട്ടി ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കാട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ എന്നാണ് ആശങ്ക. കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ കൗൺസിലർമാരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ എന്നും നേതൃത്വത്തിനു സംശയമുണ്ട്.