ഷവർമ കടകളിൽ പരിശോധന കർശനമാക്കും; മാനദണ്ഡങ്ങൾ പാലിക്കാത്ത കടകളുടെ ലൈസൻസ് റദ്ദാക്കും
Mail This Article
കൊച്ചി∙ ‘ഷവർമ’ വിൽക്കുന്ന കടകളിൽ പരിശോധനകൾ കർശനമാക്കാനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഹൈക്കോടതി നിർദേശം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനൊപ്പം കർശനമായ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 2022ൽ കാസർകോട്ട് ഷവർമ കഴിച്ച് 16കാരി മരിച്ച സംഭവത്തിൽ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ കാലതാമസം കൂടാതെ ഉത്തരവിടാൻ വിചാരണക്കോടതിക്കും ഹൈക്കോടതി നിർദേശം നൽകി.
2022 മേയ് മാസത്തിലാണ് ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ചത്. ഈ കേസിന്റെ വിചാരണ കാസർകോട് അഡീഷനൽ സെഷൻസ് കോടതിയിൽ നടന്നു വരികയാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. 2006 ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ആറു മാസത്തിനുള്ളിൽ കവിയാത്ത സമയത്തിനുള്ളിൽ നഷ്ടപരിഹാരം നല്‍കണമെന്നാണ്. മരണം സംഭവിച്ചാൽ 30 ദിവസത്തിനുള്ളിൽ ഇടക്കാല ആശ്വാസ ധനം നൽകണം. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാര കാര്യത്തിൽ വൈകാതെ ഉത്തരവിടാൻ കോടതി നിർദേശം നൽകിയത്.
ഹർജിയുമായി കോടതിയിലെത്തിയതിന് മാതാവിനെ അഭിനന്ദിച്ച കോടതി, കേസ് നടത്തിപ്പ് ചിലവിൽ 25,000 രൂപ നല്‍കാനും സർക്കാരിന് നിർദേശം നൽകി. ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ 2023 നവംബറിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഷവർമ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങളിൽ തയാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പായ്ക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് അന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. കൗണ്ടറിലൂടെ നൽകുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിച്ചിരിക്കണം. നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. 2023ലെ ഈ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഷവർമ കഴിച്ച് ബുദ്ധിമുട്ടുണ്ടാകുന്ന സംഭവങ്ങൾ കൂടി വന്നതോടെ ഇക്കാര്യത്തിൽ സർക്കാർ കർശനമായ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരുന്നു. മയണൈസ് നിർമാണത്തിൽ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിറക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലാ നടത്തിപ്പുകാർക്ക് പിഴയും ജയിൽ ശിക്ഷയും ചുമത്താം