‘പാർഥ ചാറ്റർജിയെ എത്രനാൾ ജയിലിലിടും;കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും’: ഇ.ഡിയോട് സുപ്രീം കോടതി
Mail This Article
കൊൽക്കത്ത∙ അധ്യാപക നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയെ എത്രകാലം ജയിലിൽ വയ്ക്കുമെന്ന് ഇഡിയോട് സുപ്രീംകോടതി. പാർഥ ചാറ്റർജിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം. ചാറ്റർജി രണ്ടുവർഷമായി ജയിലിൽ ആണെന്നും അദ്ദേഹത്തിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
‘‘ഞങ്ങൾ ജാമ്യം അനുവദിച്ചില്ലെങ്കിൽ എന്തു സംഭവിക്കും? വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. കേസിൽ 183 സാക്ഷികളുണ്ട്. വിചാരണയ്ക്ക് സമയമെടുക്കും. അദ്ദേഹത്തെ എത്രകാലം ജയിലിലിടും? അതാണ് ചോദ്യം.’’– ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിനോട് കോടതി ചോദിച്ചു. ‘‘ഒടുവിൽ ചാറ്റർജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ എന്ത് ചെയ്യും? 2.5–3 വർഷം കാത്തിരിക്കുക എന്നുപറഞ്ഞാൽ അത് ചെറിയ കാലയളവല്ല’’– കോടതി പറഞ്ഞു.
ചാറ്റർജിക്കുവേണ്ടി മുകുൾ റോഹ്ത്തഗിയാണ് കോടതിയിൽ ഹാജരായത്. 2022 ജൂലൈ 23നാണ് ചാറ്റർജി അറസ്റ്റിലായതെന്ന് മുകുൾ കോടതിയെ അറിയിച്ചു. കള്ളപ്പണക്കേസിലെ പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് ഇപ്പോൾ തന്നെ ചാറ്റർജി അനുഭവിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാറ്റർജി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.