സംഘർഷം അവസാനിപ്പിച്ച് ഇസ്രയേൽ – ലബനൻ വെടിനിർത്തലിന് തീരുമാനം; സന്തോഷ വാർത്തയെന്ന് ജോ ബൈഡൻ
Mail This Article
ജറുസലം ∙ ഇസ്രയേലും ലബനനും തമ്മിൽ നടന്നുവന്ന സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിളിച്ചു ചേർത്ത സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാർ അംഗീകരിച്ചു. യുഎസ്–ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കൻ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിൻമാറണം. ലബനൻ അതിർത്തിയിൽ നിന്നു സൈന്യത്തെ ഇസ്രയേൽ പിൻവലിക്കും. എന്നാൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി.
വെടിനിർത്തൽ തീരുമാനം സന്തോഷകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനും ഈ തീരുമാനം പ്രേരണയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം ഇസ്രയേലിന് സ്വയരക്ഷക്ക് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. വെടിനിർത്തൽ തീരുമാനം സംബന്ധിച്ച് പ്രഖ്യാപിക്കാൻ വൈറ്റ് ഹൗസിൽ നിന്ന് ലോകത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നൽകുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങൾ വീണ്ടും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിർത്തലിനു കാരണമെന്ന് നെതന്യാഹു പറഞ്ഞു. ‘ആക്രമണം ആരംഭിച്ച ദിനങ്ങളെ അപേക്ഷിച്ച് ഹിസ്ബുല്ല വളരെ ദുർബലമാണെന്നും അവരുടെ നേതൃനിരയെ വധിച്ചതിനൊപ്പം മിസൈലുകളും റോക്കറ്റുകളും തകർത്തു. അവരുടെ ആയിരക്കണക്കിന് പോരാളികളെ നിർവീര്യമാക്കി. അതിർത്തിക്കടുത്തുള്ള ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങൾ തകർത്തു.’ – നെതന്യാഹു പറഞ്ഞു.
യുഎസ് തയാറാക്കിയ വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്സ്റ്റൈൻ ലബനനും ഇസ്രയേലും സന്ദർശിച്ചിരുന്നു. വെടിനിർത്തൽ ശുപാർശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനൻ സർക്കാർ വ്യക്തമാക്കി.