‘മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടച്ചു’: എഡിജിപിയെ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്
Mail This Article
തിരുവനന്തപുരം∙ പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമാണെന്ന് ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ–ഓര്‍ഡിനേറ്റര്‍ എഡിജിപി എസ്.ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചു.
മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടയ്ക്കുന്ന പ്രവൃത്തിയാണു പൊലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. ശബരിമലയില്‍ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാരെ ആകെ ബാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണു പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോ എടുത്തത്.
ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. ആചാര ലംഘനമുണ്ടായതായി ആരോപിച്ച് പന്തളം കൊട്ടാരവും കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. തുടര്‍ന്ന് ഫോട്ടോ എടുത്ത എസ്എപി ക്യാംപിലെ 23 പൊലീസുകാരെ കണ്ണൂര്‍ കെഎപി-4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാന്‍ എഡിജിപി എസ്.ശ്രീജിത്ത് നിര്‍ദേശം നല്‍കി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയിൽ നിന്ന് പരിശീലനത്തിനായി മടങ്ങി.