ADVERTISEMENT

തിരുവനന്തപുരം∙ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും  സര്‍ക്കാരിനു കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ച സര്‍ക്കാരാണ് ഇപ്പോള്‍ 1458 ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷനില്‍ കൈയിട്ടു വാരുന്നതിന്റെ പട്ടിക പുറത്തുവിട്ടത്. 2000 മുതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നുണ്ടെന്നും കോടികളുടെ സാമ്പത്തികബാധ്യത ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും 2022ലെ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ യാതൊരു തരത്തിലുള്ള അന്വേഷണമോ അച്ചടക്ക നടപടിയോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആകെ 9201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് സിഎജി 2022ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2017-18 മുതല്‍ 2019-20 വരെ മൂന്നുവര്‍ഷം 39.27 കോടി രൂപയാണ് ഇത്തരത്തില്‍ അനര്‍ഹരായവര്‍ക്ക് പെന്‍ഷനായി നല്‍കിയത്. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളാണ് അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതെന്നത് ഉള്‍പ്പെടെ ഇതിന്റെ ജില്ല തിരിച്ചുള്ള വിശദമായ കണക്കും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2000 മുതല്‍ തന്നെ അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ഇതുകൂടി കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ നഷ്ടം പലമടങ്ങ് ഇരട്ടിക്കുമെന്നും സിഎജി വ്യക്തമാക്കി. ക്രമക്കേട് വഴി തട്ടിയെടുത്ത പണം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ടില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെങ്കിലും 2022 ഒക്‌ടോബര്‍ വരെ ഒരു തരത്തിലുള്ള അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിഎജി നടത്തിയിരുന്നത്. ഗുണഭോക്താക്കളെ ചേര്‍ക്കുന്നതു മുതല്‍ പെന്‍ഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തില്‍ വീഴ്ചയുണ്ടായതായും സിഎജി കണ്ടെത്തി. 2017-18 മുതല്‍ 2020-21 വരെ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായെന്ന് സിഎജി വ്യക്തമാക്കി. ഒരേ ഗുണഭോക്താക്കള്‍ക്ക് 2 വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിച്ചു. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെയും പെന്‍ഷന്‍ അനുവദിച്ചു. ഗുണഭോക്തൃ സര്‍വേയില്‍ 20% അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.

പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ലെന്നും സിഎജി അറിയിച്ചിരുന്നു. ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്റ്റ്‍വെയർ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരില്‍നിന്നോ സംസ്ഥാന സര്‍ക്കാരില്‍നിന്നോ ശമ്പളം, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍നിന്നോ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നോ പെന്‍ഷന്‍ പറ്റിയവര്‍ക്കോ, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്കോ സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ആദായനികുതി അടയ്ക്കുന്നവര്‍ക്കും ഇത് വാങ്ങാന്‍ കഴിയില്ല. എന്നാല്‍ ഇതു മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നേടിയെടുക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായിരിക്കെ മറ്റ് പെന്‍ഷന്‍ കൈപ്പറ്റിയ ഗസറ്റഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍, സാധാരണക്കാര്‍ക്കുള്ള വിധവ-വികലാംഗ പെന്‍ഷന്‍, വന്‍ ശമ്പളം കൈപ്പറ്റുന്ന ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ തട്ടിച്ചുവെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇവരില്‍നിന്ന് പണം പലിശസഹിതം തിരിച്ചുപിടിക്കുന്നതിനു പുറമേ കടുത്ത വകുപ്പുതല അച്ചടക്ക നടപടിയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

സര്‍വീസ് ചട്ടങ്ങള്‍ പരിശോധിച്ച് അതതു വകുപ്പ് മേധാവിമാര്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും. പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് നിയമോപദേശം തേടും. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ വര്‍ഷങ്ങളാണ് തട്ടിപ്പു നടത്തുന്നത്. പണമില്ലാത്തതിനാല്‍ നാലു മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയുണ്ട്. 800 കോടിയോളം രൂപയാണ് ഒരു മാസം പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക ധനവകുപ്പു പുറത്തുവിട്ടതോടെ പ്രതിക്കൂട്ടിലായത് തദ്ദേശവകുപ്പ് കൂടിയാണ്. അര്‍ഹരായവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. വലിയ തോതിലുള്ള വീഴ്ച ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന.

സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് 1458 ജീവനക്കാര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവര്‍ വരെയാണ് ഓരോ വര്‍ഷവും മസ്റ്ററിങ് നടത്തി ക്ഷേമപെന്‍ഷനും തട്ടിച്ചുകൊണ്ടിരുന്നത്. തട്ടിപ്പുകാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചത്.

പെരുമാറ്റച്ചട്ട വ്യവസ്ഥകള്‍ ലംഘിച്ച് ധാര്‍മികതയ്ക്കു നിരക്കാത്ത തരത്തില്‍ പെന്‍ഷന്‍ തട്ടിപ്പു നടന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതാണെന്നാണ് സര്‍വീസ് സംഘടനകളുടെ നിലപാട്. അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നത് ഒഴിവാക്കുന്നതിനായി സ്വയം പിന്മാറാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിരുന്നു. എന്നിട്ടും അതിനു തയാറാകാതെ തട്ടിപ്പു നടത്തിയവരാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നത്. ഇത്രത്തോളം പേര്‍ അനര്‍ഹമായ തരത്തില്‍ പെന്‍ഷന്‍ നേടിയെടുക്കുന്നുവെന്ന് കണ്ടെത്തുന്നതില്‍ വന്ന കടുത്ത വീഴ്ചയും വലിയ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

English Summary:

Kerala Pension Scam: Shocking CAG report exposes thousands of Kerala govt employees illegally claiming social security pensions, costing crores in losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com