ഓഹരിയിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വയോധികനിൽനിന്ന് 11.16 കോടി തട്ടി; പ്രതി അറസ്റ്റിൽ
Mail This Article
മുംബൈ ∙ ഓഹരി നിക്ഷേപം വഴി വൻ ലാഭം നൽകാമെന്നു വാഗ്ദാനം ചെയ്ത് വയോധികനിൽനിന്ന് 11.16 കോടി രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മുംബൈയിലെ ഡോംഗ്രി സ്വദേശിയായ കൈഫ് ഇബ്രാഹിം മൻസൂരിയാണ് അറസ്റ്റിലായത്. കപ്പലിൽ ക്യാപ്റ്റനായിരുന്ന സാക്ഷിസ് കോല വാഡിയ എന്ന എഴുപത്തഞ്ചുകാരനാണ് തട്ടിപ്പിന് ഇരയായത്. മൻസൂരിയിൽനിന്ന് വിവിധ ബാങ്കുകളുടെ 33 ഡെബിറ്റ് കാർഡുകളും 12 ചെക്ക് ബുക്കുകളും കണ്ടെടുത്തു.
ഓഹരി വിപണിയിൽ വാഡിയയ്ക്കുള്ള താൽപര്യം മുതലെടുത്തായിരുന്നു തട്ടിപ്പ്. ഈ വർഷം ഓഗസ്റ്റിനും നവംബറിനുമിടയിലാണ് പണം വാങ്ങിയത്. പിന്നീട് പണം പിൻവലിക്കാൻ വാഡിയ ശ്രമിച്ചപ്പോൾ 20 ശതമാനം സേവന നികുതി അടയ്ക്കാൻ ആവശ്യപ്പെട്ടു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വാഡിയ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ, തട്ടിപ്പുകാർ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ഈ അക്കൗണ്ടുകളിലേക്ക് 22 ഇടപാടുകൾ വഴിയായിരുന്നു വാഡിയ പണം നൽകിയത്.
ഇതിൽ രണ്ട് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, ഒരു സ്ത്രീയുടെ ചെക്ക് വഴി 6 ലക്ഷം രൂപ പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. അവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ, ഇബ്രാഹിം മൻസൂരിയുടെ നിർദേശപ്രകാരമാണ് പണം പിൻവലിച്ചതെന്നു സമ്മതിച്ചു. തുടർന്നാണ് മൻസൂരിയെ അറസ്റ്റ് ചെയ്തത്.