പെരിന്തൽമണ്ണയിലെ സ്വർണക്കവർച്ച; പിടിയിലായവരിൽ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഡ്രൈവറും
Mail This Article
പെരിന്തൽമണ്ണ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ 13 പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന ഡ്രൈവറും. പാട്ടുരായ്ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ (28) ആണ് പിടിയിലായത്. 21 ന് രാത്രി എട്ടരയോടെ പെരിന്തൽമണ്ണയിൽ കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന കെ.എം.ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും കാറിടിപ്പിച്ച് മാരകമായി പരുക്കേൽപിച്ച് സ്വർണം കവർന്നെന്നാണ് കേസ്.
കവർച്ച നടത്തി സ്വർണവുമായെത്തിയ സംഘത്തിലെ 4 പേരെ ചെർപ്പുളശ്ശേരിയിൽനിന്ന് മറ്റൊരു വാഹനത്തിൽ കേസിലെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത് അർജുനാണ്. പിടിയിലായ സംഘാംഗങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിൽ നിന്നായി 1.723 കിലോ സ്വർണവും സ്വർണം വിറ്റുകിട്ടിയ 3,27,9500 രൂപയും പൊലീസ് പിടിച്ചെടുത്തിരുന്നു. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരാജ് വീട്ടിൽ നിജിൽ രാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻ ലാൽ (29) , പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ്(46), കണ്ണറ സ്വദേശി കുഞ്ഞിക്കാവിൽ ലിസൺ (31), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ്(35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. റിമാൻഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
സ്വർണം ഉരുക്കി 7 കട്ടികളാക്കിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ ഒരു കട്ടി ലിസൺ വിൽപന നടത്തിയിരുന്നു. സ്വർണം വിറ്റ തുകയും മറ്റ് 2 കട്ടികളും അർജുന്റെ വീട്ടിൽ നിന്നും 4 കട്ടികൾ മിഥുന്റെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. സ്വർണം ഉരുക്കാനുപയോഗിച്ച സാധന സാമഗ്രികൾ സതീഷിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ 6 കരിവളകൾ തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ 3.2 കിലോ സ്വർണം നഷ്‌ടപ്പെട്ടതായാണ് ബന്ധപ്പെട്ട വ്യാപാരികൾ പറയുന്നത്. എന്നാൽ 2.5 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് സംഘത്തിന്റെ മൊഴിയെന്നും ഡിവൈഎസ്‌പി ടി.കെ.ഷൈജു, പൊലീസ് ഇൻസ്‌പെക്‌ടർ സുമേഷ് സുധാകരൻ, എസ്‌ഐ ടി.എ.ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കാളികളായ 4 പേരുൾപ്പെടെ 5 പേരെയും 2 വാഹനങ്ങളും ഇനി പിടികൂടാനുണ്ട്.
ബാലഭാസ്ക്കറിന്റെ മരണത്തിലും ആരോപണനിഴലിൽ
2018ലായിരുന്നു ഏറെ ദുരൂഹതകൾ ഉയർത്തിയ ബാലഭാസ്‌ക്കറിന്റെ മരണം. ബാലഭാസ്ക്കർ മരിച്ച വാഹനാപകടത്തിൽ അദ്ദേഹത്തിനൊപ്പം ഡ്രൈവർ അർജുനും കാറിലുണ്ടായിരുന്നു. ബാലഭാസ്‌ക്കറിന്റെ കുടുംബ സുഹൃത്തായിരുന്നു അര്‍ജുനെന്ന് പൊലീസ് പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണം പൊലീസും ക്രൈംബ്രാഞ്ചും സിബിഐ സംഘവും അന്വേഷിച്ചിരുന്നു. സിബിഐ സംഘം അർജുന്റെ ശാസ്‌ത്രീയ പരിശോധന നടത്തിയിരുന്നു.
മുൻപും 2 കവർച്ചാ സംഘങ്ങൾക്കൊപ്പം വാഹനമോടിച്ചതിന് അർജുന്റെ പേരിൽ കേസുണ്ടെന്ന് ഡിവൈഎസ്‌പി ടി.കെ.ഷൈജു പറഞ്ഞു. കവർച്ചാ കേസുകൾ ഏതൊക്കെയാണെന്ന് അന്വേഷിച്ചു വരികയാണ്. ഇതിനു പുറമെ അശ്രദ്ധമായി വാഹനമോടിച്ചതിനും 2 അടിപിടി കേസുകളും കോവിഡ് കാലത്തെ 2 കേസുകളും അർജുനെതിരെ നിലവിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.