മുനമ്പം ഭൂമി പ്രശ്നം; ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനം, റിപ്പോർട്ട് മൂന്നുമാസത്തിനകം
Mail This Article
തിരുവനന്തപുരം∙ മുനമ്പം പ്രശ്ന പരിഹാരത്തിന് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവ കണ്ടെത്തണം. എറണാകുളം ജില്ലയിലെ മുനമ്പത്ത് വര്‍ഷങ്ങളായി താമസിക്കുന്നവരും വഖഫ് ബോര്‍ഡുമായി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഉടമസ്ഥതയെക്കുറിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാനാണ് ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍
∙ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ അന്നത്തെ വടക്കേക്കര വില്ലേജിന്റെ പഴയ സര്‍വേ നമ്പര്‍ 18/1ല്‍ ഉൾപ്പെട്ട വസ്തുവിന്റെ നിലവിലെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ തിരിച്ചറിയുക.
∙ പ്രസ്തുത ഭൂമിയിലെ ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങനെ സംരക്ഷിക്കാമെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യണം.
റിട്ട. ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരെയാണ് ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷനുമായി സഹകരിക്കുമെന്ന് മുനമ്പം സംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. പരിഗണനാ വിഷയങ്ങൾ ഒറ്റനോട്ടത്തിൽ സ്വാഗതാർഹമാണെന്നും വിശദമായി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം അറിയിച്ചു