ADVERTISEMENT

ആലപ്പുഴ ∙ വനിതാ-ശിശു ആശുപത്രിയിൽ ഗർഭകാല പരിശോധനകളിലെയും പ്രസവ ചികിത്സയിലെയും പിഴവു മൂലം നവജാത ശിശുവിനു സംഭവിച്ച വൈകല്യങ്ങൾ പരിഹരിക്കാൻ കഴിയുമോ? കുഞ്ഞിന്റെ വൈകല്യങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ധ ചികിത്സ തേടുമെന്ന് പിതാവ് അറിയിച്ചു. അതിനിടെ ആലപ്പുഴ മെഡിക്കൽ കോളജ് റീജനൽ ഏർളി ഇന്റൻസീവ് കെയർ സെന്ററിൽ (ആർഇഐസി) വൈകല്യങ്ങൾ പരിഹരിക്കാനുള്ള പ്രാഥമിക ചികിത്സകൾ ആരംഭിച്ചതായി ടിഡി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വിവിധ തെറപ്പി ചികിത്സകളിലൂടെ വൈകല്യങ്ങൾ പ്രാഥമികമായി പരിഹരിക്കുന്നതിനുള്ള ചികിത്സകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ജനിതക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് ടെസ്റ്റ് (എൻജിഎസ്) നടത്താനാണ് ആലോചനയെന്ന് അധികൃതർ പറഞ്ഞു.

ആലപ്പുഴ ലജനത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ്– സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് അപൂർവ വൈകല്യങ്ങളോടെ ജനിച്ചത്. ജനിച്ച് 20 ദിവസമായിട്ടും കുഞ്ഞ് കണ്ണും വായയും തുറന്നിട്ടില്ല, കണ്ണുകളും ചെവിയും യഥാസ്ഥാനത്തല്ല, മുഖം ശരിയായ രൂപത്തിലല്ല, കൈകാലുകൾ വളഞ്ഞാണുള്ളത്, ജനനേന്ദ്രിയവും ശരിയായ രീതിയിലല്ല, ശ്വാസകോശത്തിന് ദ്വാരമുണ്ട്, കുഞ്ഞിനെ മലർത്തി കിടത്താൻ കഴിയില്ല, ട്യൂബ് വഴിയാണ് മുലപ്പാൽ നൽകുന്നത്. 

∙ പ്രാഥമിക ചികിത്സ തുടങ്ങി, ജനിതക വൈകല്യപരിശോധന നടത്തും

വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ചികിത്സിക്കുന്നത് ആർഇഐസിയിലാണ്. വൈകല്യം മൂലം ശബ്ദത്തോടെയാണ് കുഞ്ഞ് ശ്വസിക്കുന്നത്. കുഞ്ഞിന് വായ പൂർണമായും തുറക്കാനും കഴിയുന്നില്ല. മുലപ്പാൽ തനിയ കുടിക്കാനും കഴിയുന്നില്ല. ഇവ പരിഹരിക്കാനാണ് ആദ്യശ്രമം. കുഞ്ഞ് ഇപ്പോൾ അമ്മയ്ക്കൊപ്പം വീട്ടിലാണ്. ഭാവിയിൽ ഭക്ഷണം വിഴുങ്ങാൻ കഴിയുന്ന തരത്തിൽ പരിശീലനം ചികിത്സയിലൂടെ നൽകുന്നു. ഒരാഴ്ചയോളം അമ്മയ്ക്കൊപ്പം കുഞ്ഞിനെ നിർത്തി പരിശീലനം നൽകിയിരുന്നു. അതേസമയം മുഖത്തിന്റെ വൈകല്യങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല. 

∙ തുടർചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം 

ഇത്രയും വൈകല്യങ്ങളുള്ള കുഞ്ഞിന്റെ തുടർചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണ് കുടുംബം. ടാക്സി ഡ്രൈവറായ അനീഷിന്റെ ഏക വരുമാനത്തിലാണ് ഉമ്മയും വാപ്പയും പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം ജീവിക്കുന്നത്.

ഗർഭിണിയായതു മുതൽ ആലപ്പുഴ വനിതാ–ശിശു ആശുപത്രിയിലാണ് സുറുമി ചികിത്സ തേടിയത്. ഒന്നാം മാസം മുതൽ പ്രസവത്തിന് തൊട്ടു മുൻപ് വരെ 9 തവണയാണ് സ്കാനിങ്ങിന് വിധേയയായത്. അതിൽ അവസാനത്തെ രണ്ടു സ്കാനിങ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ലാബിലാണ് നടത്തിയത്. ബാക്കി ഏഴു സ്കാനിങ്ങും നടത്തിയത് നഗരത്തിലെ രണ്ടു സ്വകാര്യ ലാബുകളിലാണ്.

English Summary:

Alappuzha new born multiple disabilities - The parents allege medical negligence during pregnancy checkups and delivery at the Women's and Children's Hospital. Baby in therapy treatments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com