തമിഴ്നാട്ടിൽ കാറ്റും മഴയും: പന്ത്രണ്ട് വിളക്ക് കഴിഞ്ഞിട്ടും ശബരിമലയിൽ തിരക്ക് കുറവ്
Mail This Article
ശബരിമല ∙ സന്നിധാനത്തു ഭക്തരുടെ എണ്ണത്തിൽ കുറവ്. പതിവായി എത്തുന്ന തമിഴ്നാട്ടിലെ ഭക്തർ എത്താത്തതാണ് തിരക്ക് കുറയാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. തമിഴ്നാട്ടിലെ കാറ്റും മഴയും ശബരിമല തീർഥാടനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ. പന്ത്രണ്ട് വിളക്ക് കഴിഞ്ഞിട്ടും തീർഥാടകരുടെ പ്രവാഹം കുറഞ്ഞിരിക്കുകയാണ്. പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തലിൽ 5 വരിയിൽ മാത്രമാണ് തീർഥാടകർ ഉണ്ടായിരുന്നത്. 5 മണിയായപ്പോഴേക്കും അവർ പതിനെട്ടാംപടി കയറി ദർശനം നടത്തി.
പിന്നീട് വരുന്നവർ കാത്തുനിൽപ് ഇല്ലാതെ പടി കയറി ദർശനം നടത്തുകയാണ്. അപ്പം, അരവണ കൗണ്ടറുകൾക്ക് മുന്നിലും വലിയ തിരക്കില്ല. പമ്പയിലും നിലയ്ക്കിലുമെല്ലാം തിരക്ക് നിയന്ത്രണ വിധേയമാണ്. ഇന്നലെ രാത്രി 9ന് പതിനെട്ടാം പടി കയറാൻ 500 ൽ താഴെ പേർ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി 9 വരെയുള്ള കണക്കനുസരിച്ച് 63,242 പേർ പതിനെട്ടാംപടി കയറി ദർശനം നടത്തി. അതിൽ 10124 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പുല്ലുമേട് കാനനപാതയിൽ രാത്രി കുടുങ്ങിയ തീർഥാടകനെ വനപാലകരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷിച്ചു സന്നിധാനത്ത് എത്തിച്ചു.