ADVERTISEMENT

കോട്ടയം ∙ തൃശൂർ നാട്ടികയിൽ നിയന്ത്രണം വിട്ടു ലോറി പാഞ്ഞുകയറി 5 പേർ മരിച്ചത് അറിയാതെയാണ് തെരുവിൽ ഇക്കഴിഞ്ഞ രാത്രിയും ഇവർ ഉറങ്ങാൻ കിടന്നത്. ഇവർക്ക് ഇതൊരു പതിവ് രാത്രി മാത്രം. യാതൊരു സുരക്ഷിതത്വവും ഇല്ലാതെ മഴയെയും തെരുവുനായ്ക്കളെയും ഭയമില്ലാതെ റോഡ് വീടാക്കിയവർ. സുരക്ഷിതമായ സ്ഥലം നോക്കി കിടന്നിട്ടും ചതഞ്ഞരയേണ്ടി വന്ന തൃശൂരിലെ ഹതഭാഗ്യരുടെ ഓർമയിൽ, രാത്രി നമ്മുടെ തെരുവുകളിൽ ഉറങ്ങുന്നവരെപ്പറ്റി അറിയാൻ മനോരമ ഓൺലൈൻ കോട്ടയം നഗരത്തിൽ നടത്തിയ അന്വേഷണം.

രാത്രി 11

ജനറൽ ആശുപത്രിയ്ക്കു മുൻവശം. ആറു പേരാണ് ഇവിടെ കിടന്നുറങ്ങുന്നത്. ഇതിൽ മൂന്നു പേർ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരാണ്. ആശുപത്രിയിൽനിന്നും ചിരിച്ച മുഖവുമായി വരുന്നവരെ കാത്ത് സ്വപ്നം കണ്ട് ഉറങ്ങുന്നവർ. മറ്റ് മൂന്നു പേരിൽ ഒരാൾ സുഖമായി ഉറങ്ങുന്നു. വേറെ രണ്ടു പേർ ജോണും നാരായണനും. രണ്ടു പേർക്കും വീടില്ല. ലോട്ടറി വിറ്റാണ് പകൽ‌ തള്ളിനീക്കുന്നത്. രാത്രിയായാൽ അന്തിയുറങ്ങാൻ റോഡ് തന്നെ ശരണം. കടയുടെ മുന്നിലായതിനാൽ അൽപമെങ്കിലും സൗകര്യമുണ്ടെന്ന് രണ്ടു പേരും ചിരിച്ചു കൊണ്ട് പറഞ്ഞു.

രാത്രി 11.30

കോട്ടയം കെഎസ്ആർ‌ടിസി ബസ് സ്റ്റാൻഡിനു സമീപം മദ്യപിച്ച് ലക്കുകെട്ട് പിച്ചും പേയും പറയുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. മാർ‌ക്കറ്റിലേക്കാണ് ഇവർ നടക്കുന്നത്. അവിടെ ഒരു സംഘം തന്നെയുണ്ട്. നിരോധിത ഉൽപന്നങ്ങളായ ലഹരി പാദർഥങ്ങൾ ഇവർ പങ്കുവയ്ക്കുന്നു. ഇതൊന്നും അറിയാതെ മാർ‌ക്കറ്റിൽ ഉറങ്ങി കിടക്കുന്നവർക്കു നേരെ കേട്ടാൽ അറയ്ക്കുന്ന തെറിവിളി. ചിലരെ ചവിട്ടി എഴുന്നേൽപ്പിക്കുന്നു. മറുപടി പറയാൻ ശ്രമിച്ച വയോധികനു മർദനം.

കടത്തിണ്ണയിൽ കിടന്നുറങ്ങുന്നയാൾ. ചിത്രം∙മനോരമ
കടത്തിണ്ണയിൽ കിടന്നുറങ്ങുന്നയാൾ. ചിത്രം∙മനോരമ

രാത്രി 11.50

മഴ പെയ്തു തുടങ്ങി. റോഡിൽ‌ കിടന്നുറങ്ങിയ ചിലർ തിരുനക്കര ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി അവിടേക്ക് മാറുന്നു. ചിലരുടെ കയ്യിൽ വടികളുണ്ട്. ചോദിച്ചപ്പോൾ തെരുവുനായ്ക്കളെ ഓടിക്കാനാണെന്ന് പറഞ്ഞു. മഴയത്ത് ഒതുങ്ങി നിൽക്കുന്ന സ്വിഗി ഡെലിവറി ബോയ്സ് അവരുടെ ഉറക്കത്തിനു ശല്യമാകുന്നോയെന്ന് സംശയം. ബസ് സ്റ്റാൻഡിനു സമീപത്തായി രാത്രി അലഞ്ഞു നടക്കുന്ന ട്രാൻസ്ജൻഡർ‌ യുവതിയെയും കണ്ടു.

രാത്രി 12

കടത്തിണ്ണകളിലും റോഡിനോട് ഓരം ചേർന്നും പലരും കിടന്നുറങ്ങുന്നുണ്ട്. മഴ പെയ്തതു പോലും അറിയാതെയാണ് പലരുടെയും ഉറക്കം.

രാത്രി 12.15

തിരുനക്കര ക്ഷേത്രത്തിനു സമീപം റോഡിനോട് ചേർന്ന് കിടന്നുറങ്ങുന്ന രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും. ആന്ധ്ര സ്വദേശികളാണ്. ഭിന്നശേഷിക്കാരനായ ശ്രീനിവാസൻ ഉണർന്നിരിക്കുന്നു. ഒപ്പമുള്ള രണ്ടു പേർ സഹോദരിമാരും സഹോദരിമാരിൽ ഒരാളുടെ ഭർത്താവുമാണ്. പകൽ ക്ഷേത്ര പരിസരത്ത് ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്ന് ശ്രീനിവാസൻ. സഹോദരിമാർ ഹോട്ടലുകളിൽ ജോലിക്ക് പോകുന്നു. മക്കൾ ആന്ധ്ര പ്രദേശിലാണ് പഠിക്കുന്നത്. ഇവരുടെ വിദ്യാഭ്യാസ ചെലവുകൾക്കായാണ് ഭിക്ഷ എടുക്കുന്നത്. തെരുവുനായ്ക്കളും കള്ളന്മാരുമെല്ലാം പ്രദേശത്ത് നിരവധിയുണ്ട്. വലിയ കഷ്ടപ്പാടാണ്, ഒരു ഉറപ്പുമില്ലാത്തതാണ് ഈ ജീവിതമെന്നും ശ്രീനിവാസൻ പറഞ്ഞു.

തിരുനക്കര ക്ഷേത്രത്തിനു സമീപം കിടന്നുറങ്ങുന്ന ശ്രീനിവാസന്റെ സഹോദരിമാർ. ചിത്രം. ആർ.പി.സായ്‌കൃഷ്ണ∙ മനോരമ
തിരുനക്കര ക്ഷേത്രത്തിനു സമീപം കിടന്നുറങ്ങുന്ന ശ്രീനിവാസന്റെ സഹോദരിമാർ. ചിത്രം. ആർ.പി.സായ്‌കൃഷ്ണ∙ മനോരമ

രാത്രി 12.35

കോട്ടയം റൗണ്ടാനയ്ക്ക് സമീപം കടത്തിണ്ണയിൽ ഉറക്കമില്ലാതിരുന്നു കരയുന്ന സ്ത്രീ. കയ്യിൽ ബാൻഡേജുണ്ട്. വേദന കാരണമാണ് ഉറങ്ങാൻ കഴിയാത്തത്. ചോദ്യങ്ങൾക്ക് ഉത്തരമില്ല.

രാത്രി 12.50

സിഎംഎസ് റോഡിന്റെ ഭാഗത്തേക്കുള്ള റോഡിൽ കിടന്നുറങ്ങുന്ന പലരും ഇതര സംസ്ഥാന തൊഴിലാളികൾ. രാവിലെ ജോലി ചെയ്തതിന്റെ ക്ഷീണമാണ്. കൊതുകുകടി ധാരാളം.

പുലർച്ചെ 1.05

കെകെ റോഡിൽ മദ്യപിച്ച് ലക്കുകെട്ട് ഷർട്ടൂരി ബഹളം വയ്ക്കുന്ന ഇതര സംസ്ഥാന തൊഴിലാളി. ഇയാൾ കടകൾക്ക് മുന്നിലെ സെക്യൂരിറ്റിമാരെ ചീത്ത വിളിക്കുകയാണ്. ഉറങ്ങി കിടക്കുന്നവരെ ചവിട്ടി മെതിക്കുന്നു. ആക്രോശിക്കുന്നു. ആരും ഭയപ്പെട്ട് മിണ്ടുന്നില്ല. മൊബൈൽ ക്യാമറയ്ക്കു  മുന്നിൽ മദ്യലഹരിയിൽ പോസ് ചെയ്തു.

കെ.കെ റോഡിൽ മദ്യപിച്ച് ബഹളംവയ്ക്കുന്ന ഇതരസംസ്ഥാന തൊഴിലാളി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്തപ്പോൾ. ചിത്രം∙മനോരമ
കെ.കെ റോഡിൽ മദ്യപിച്ച് ബഹളംവയ്ക്കുന്ന ഇതരസംസ്ഥാന തൊഴിലാളി ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്തപ്പോൾ. ചിത്രം∙മനോരമ

2 മണിക്കൂർ നഗരത്തിൽ ചുറ്റിക്കറങ്ങിയപ്പോൾ ഒരും കാര്യം ഉറപ്പ്, ഇവിടെ ഉറങ്ങുന്നവരാരും സുരക്ഷിതരല്ല. രാവിലെ എഴുന്നേൽക്കുമെന്ന് ആർക്കും ഉറപ്പു കൊടുക്കാതെ ജീവിക്കുന്നവർ. ചോദിക്കാനും പറയാനും പലർക്കും ആരുമില്ല. രണ്ട് മണിക്കൂറിനിടെ ഒരു പൊലീസ് പട്രോളിങ് വാഹനത്തെ പോലും വഴിയിൽ കണ്ടതേയില്ല.

English Summary:

Street life in Kottayam : Reveals the harsh reality of homeless people in Kerala, showcasing the struggles of those living on the streets of Kottayam. Homeless people in Kerala face a daily battle with survival, as seen in the tough lives of those in street life in Kottayam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com