ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി; വയനാട് എംപിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ, ഡൽഹിയിൽ സ്ഫോടനം: വായിക്കാം പ്രധാനവാർത്തകൾ
Mail This Article
നവജാത ശിശുവിനു ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ 4 ഡോക്ടർമാർക്കെതിരെ കേസെടുത്തത് ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
നവജാത ശിശുവിന്റെ വൈകല്യം നേരത്തേ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഡൽഹി പ്രശാന്ത് വിഹാറിൽ പിവിആർ തിയറ്ററിനു സമീപം സ്ഫോടനം നടന്നെന്നതും ഞെട്ടിക്കന്ന വാർത്തയായിരുന്നു. രാവിലെ 11.48നാണ് സ്ഫോടനം നടന്നുവെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ഇന്ത്യാസഖ്യ നേതാക്കൾ പങ്കെടുത്തു. ഹേമന്ത് സോറൻ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കസവ് സാരിയുടുത്ത് കേരളീയ വേഷത്തിൽ ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്.