ശ്രീലങ്കൻ പതാക വച്ച ബോട്ടുകളിൽ 500 കിലോ ലഹരിമരുന്ന്; യുദ്ധക്കപ്പലും ഹെലികോപ്റ്ററുകളും വിന്യസിച്ച് പിടികൂടി ഇന്ത്യൻ നേവി
Mail This Article
കൊച്ചി ∙ അറബിക്കടലിൽ വൻ ലഹരിമരുന്ന് വേട്ട. ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷനില്‍ 500 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടികൂടി. ശ്രീലങ്കൻ പതാക വച്ച രണ്ടു ബോട്ടുകളിലായാണ് ലഹരിമരുന്ന് ഉണ്ടായിരുന്നത്. രണ്ടു ബോട്ടുകളും ഇതിലുണ്ടായിരുന്നവരെയും ശ്രീലങ്കൻ നാവികസേനയ്ക്ക് കൈമാറി. ആൻഡമാനിൽ വച്ച് മ്യാൻമറിൻനിന്നുള്ള അഞ്ച് ടൺ ലഹരിമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും വന്‍ ലഹരിവേട്ട.
ഈ മാസം 24, 25 തീയതികളിലാണ് അറബിക്കടലിൽ വച്ച് ലഹരിമരുന്ന് പിടികൂടിയതെന്ന് നാവികസേന അറിയിച്ചു. ശ്രീലങ്കൻ നാവികസേന ലഹരിമരുന്ന് കടത്തിനെക്കുറിള്ള വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നേവൽ ലോങ് റേഞ്ച് മാരിറ്റൈം പട്രോള്‍ എയർക്രാഫ്റ്റും റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റും നടത്തിയ നിരീക്ഷണത്തിലാണ് ലഹരി മരുന്നുമായുള്ള രണ്ട് മീൻപിടിത്ത ബോട്ടുകൾ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലും ഹെലികോപ്റ്ററുകളും വിന്യസിച്ചു. പിന്നാലെ പ്രത്യേക പരിശീലനം സിദ്ധിച്ച നാവികസേനാംഗങ്ങൾ ബോട്ടുകളിലെത്തി ലഹരിമരുന്ന് കടത്തുകാരെ കീഴടക്കുകയും ബോട്ട് പിടിച്ചെടുക്കുകയുമായിരുന്നു. ശ്രീലങ്കയുമായുള്ള മെച്ചപ്പെട്ട നാവിക പങ്കാളിത്തത്തിന്റെ കൂടി തെളിവാണ് ലഹരിമരുന്ന് പിടിച്ച സംഭവമെന്നും നാവികസേന അഭിപ്രായപ്പെട്ടു.