സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനം: വീണ്ടും മത്സരം, സംഘർഷം, കയ്യാങ്കളി
Mail This Article
കരുനാഗപ്പള്ളി ∙ മത്സരത്തെത്തുടർന്നു നിർത്തിവച്ച സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയപ്പോൾ വീണ്ടും മത്സരം. തുടർന്നു സമ്മേളനം രണ്ടാമതും നിർത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ 11 നു നടന്ന ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ 19 പേർ മത്സര രംഗത്ത് എത്തിയതിനെ തുടർന്നു നിർത്തി വച്ച ലോക്കൽ സമ്മേളനമാണ് ഇന്നലെ വീണ്ടും പൂർത്തീകരിക്കാൻ കഴിയാതെ പോയത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ വീണ്ടും സമ്മേളനം. ഔദ്യോഗിക വിഭാഗം പാനൽ അവതരിപ്പിച്ചപ്പോൾ കഴിഞ്ഞ തവണത്തെ പോലെ മത്സരത്തിനു തയാറായി കൂടുതൽ പേർ വന്നു. അവർക്കും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളവുമായി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഒത്തു തീർപ്പു ചർച്ചകൾക്കു നേതൃത്വം നൽകിയെങ്കിലും മത്സരിക്കാൻ ഉറച്ചു നിന്നവർ വഴങ്ങിയില്ല. തുടർന്നാണ് മത്സരം അനുവദിക്കില്ലെന്നറിയിച്ചു കൊണ്ട് സമ്മേളനം വീണ്ടും നിർത്തിവയ്ക്കേണ്ടി വന്നത്.
അതേസമയം സമ്മേളനത്തിനിടെ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പ്രവർത്തകർ ഇരു ചേരികളിലായി തിരിഞ്ഞാണ് സംഘർഷം നടന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഒരു വിഭാഗം പ്രവർത്തകർ തടയുകയും ചെയ്തു. സമ്മേളന വേദിയ്ക്ക് മുന്നിലെ ഗേറ്റ് പൂട്ടിയാണ് ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്. ലോക്കൽ കമ്മറ്റി സെക്രട്ടറിയെ മാറ്റണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.