പെട്രോളിന് 30.08%, ഡീസലിന് 22.76%: ഇന്ധന നികുതി ചുമത്തുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്; ആൻഡമാനിൽ നികുതി വെറും 1%
Mail This Article
തിരുവനന്തപുരം∙ രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് കേരളം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. പെട്രോളിന് 31% മൂല്യവര്‍ധിത നികുതി, ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിങ്ങനെയാണ് ആന്ധ്രയില്‍ ചുമത്തുന്നത്. ഡീസലിനാകട്ടെ 22.25 % ആണ് മൂല്യവര്‍ധിത നികുതി. ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിവയും ചുമത്തുന്നുണ്ട്.
കേരളത്തില്‍ പെട്രോളിന് 30.08 % വില്പന നികുതി, ലീറ്ററിന് ഒരു രൂപ അധിക വില്പന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ടു രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിങ്ങനെയാണ് ചുമത്തുന്നത്. ഡീസലിന് 22.76 % ആണ് വില്പന നികുതി. ലീറ്ററിന് ഒരു രൂപ അധിക വില്പന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിവയും ചുമത്തുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എതിര്‍ക്കുകയാണ്. ചരക്കുസേവന നികുതിയുടെ കീഴില്‍ കൊണ്ടുവന്നാല്‍ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് 28 % ആണ്. ആന്‍ഡമാന്‍ നിക്കോബാന്‍ ദ്വീപുകളില്‍ ഒരു ശതമാനമാണ് പെട്രോളിനും ഡീസലിനും നികുതി.
മദ്യത്തില്‍നിന്നും ഇന്ധനത്തില്‍നിന്നുമാണ് സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം ലഭിക്കുന്നത്. ഇന്ധന നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. 2021-22ല്‍ 9,424 കോടിയായിരുന്നു ഇന്ധന നികുതി എങ്കില്‍ 2022-23ല്‍ അത് 11534.20 കോടിയായി. 2023-24ല്‍ സംസ്ഥാനത്തിന് പെട്രോള്‍ ഡീസല്‍ ഇനത്തിലെ നികുതി വരുമാനം 12126.12 കോടി രൂപയാണ്. 2022-23ല്‍ സംസ്ഥാത്ത് 24,35,400 കിലോ ലീറ്റര്‍ പെട്രോളും 29,33,000 കിലോ ലീറ്റര്‍ ഡീസലും വിറ്റഴിച്ചു. 2023-24ല്‍ പെട്രോള്‍ 24,86,900 കിലോ ലീറ്ററും ഡീസല്‍ 27,62,600 കിലോ ലീറ്ററും വിറ്റു. 2023 ഏപ്രില്‍ 1 മുതല്‍ പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതു വഴി 2023-24ല്‍ 954.32 കോടി രൂപയും 2024 സെപ്റ്റംബര്‍ 30 വരെ 442.04 കോടി രൂപയുമാണ് സംസ്ഥാനത്തിന് ലഭിച്ചത്.
കേന്ദ്രസര്‍ക്കാര്‍ 2021 നവംബറില്‍ 13 രൂപയും 2022 മേയില്‍ 16 രൂപയും സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. 2024 മാര്‍ച്ചില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ലീറ്ററിനു രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു. എന്നാല്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയാറായില്ല.