പറവ ഫിലിംസിൽ 60 കോടിയുടെ നികുതി വെട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യാൻ ആദായനികുതി വകുപ്പ്
Mail This Article
കൊച്ചി∙ പറവ ഫിലിംസ് ഓഫിസില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നാണ് വിവരം. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു.
പറവ ഫിലിംസിൽ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ. മഞ്ഞുമൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രാഥിമക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നു. പറവ ഫിലിംസ് യഥാർഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിര്‍മാണ കമ്പനികള്‍ക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നല്‍കിയതെന്നും ഇതില്‍ അനധികൃത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്.