‘ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ല; തുടരന്വേഷണത്തിൽ ഭയമില്ല’
Mail This Article
തിരുവനന്തപുരം∙ കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴിയെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
വയനാട്ടിലെ മൂന്നു വാര്‍ഡുകളില്‍ മാത്രമാണ് ദുരന്തം ഉണ്ടായതെന്ന ബിജെപി നേതാവ് വി.മുരളീധരന്റെ പ്രസ്താവനയെ ന്യായീകരിക്കുന്നില്ല. എന്നാല്‍ ഈ തരത്തില്‍ ആദ്യം പറഞ്ഞത് മന്ത്രി മുഹമ്മദ് റിയാസാണ്. വയനാട് ദുരന്തം എന്നു പറയരുതെന്നു പറഞ്ഞത് റിയാസാണ്. അന്നത് വിവാദമായില്ല. എന്നാല്‍ വി.മുരളീധരന് പറഞ്ഞപ്പോള്‍ മാത്രമാണ് വിവാദമായത്. കൈയില്‍ ആവശ്യത്തിനു പണം വച്ചിട്ടാണ് കേരള സര്‍ക്കാര്‍ വയനാട് പുനരധിവാസം വൈകിപ്പിക്കുന്നത്. കേരളത്തില്‍ ഒരു തുണ്ട് ഭൂമി പിടിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡിനെ അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ ബിജെപി മുന്നേറ്റം നടത്തുകയാണെന്ന് ബിജെപി സംഘടനാപര്വത്തിനെത്തിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ അംഗത്വം വര്‍ധിച്ചു. 2026ല്‍ ബിജെപി പാലക്കാട്ടു ജയിക്കുമെന്നും തരുണ്‍ ചുഗ് പറഞ്ഞു.