ബൈജുവിനെ നിരീക്ഷിച്ചയാളുടെ ദൃശ്യങ്ങൾ നിർണായകമായി; കൊടുവള്ളിയിൽ സ്വർണം തട്ടിയത് കൃത്യമായ ആസൂത്രണത്തിലൂടെ
Mail This Article
കോഴിക്കോട്∙ കൊടുവള്ളിയിൽ സ്വർണവ്യാപാരിയെ കവർച്ച ചെയ്ത് ഒന്നേ മുക്കാൽ കിലോ സ്വർണം തട്ടിയ കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയിലെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വർണ വ്യാപാരിയുമായ രമേശൻ (42), തൃശൂർ സ്വദേശികളായ എം.വി.വിപിൻ (35), പി.ആർ.വിമൽ(38), എം.സി.ഹരീഷ്(38), പാലക്കാട് സ്വദേശി ലതീഷ് (43) എന്നിവരെയാണ് തൃശൂർ, പാലക്കാട് എന്നിവടങ്ങളിൽനിന്നായി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 27ന് രാത്രിയായിരുന്നു സംഭവം. കൊടുവള്ളിയിലെ ജ്വല്ലറി അടച്ച ശേഷം ഒന്നേമുക്കാൽ കിലോ സ്വർണവുമായി വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ വ്യാജ നമ്പർ പതിച്ച കാറിലെത്തി പ്രതികൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന് മുൻവശം വച്ചിരുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ കവർ എടുത്ത് പ്രതികൾ രക്ഷപ്പെട്ടു.
കൊടുവള്ളി ടൗണിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, കട അടച്ചു പോകുന്ന ബൈജുവിനെ ഒരാൾ രഹസ്യമായി നിരീക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശൻ സ്വന്തം കടച്ചശേഷം ബൈജുവിനെ ചുറ്റിപ്പറ്റി നടക്കുന്നതും നിരീക്ഷിക്കുന്നതും മനസ്സിലായത്. സംഭവത്തിന് പിറ്റേന്ന് പാലക്കാട്ടേക്ക് പോയ രമേശനെ പൊലീസ് സംഘം പിന്തുടർന്നു.
ഇന്നലെ മറ്റൊരു കാറിൽ പോകുകയായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കവർച്ച ചെയ്ത സ്വർണാഭരണത്തിൻ്റെ മുഖ്യഭാഗവും കാറിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ മറ്റ് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചത്. വൈകാതെ മറ്റ് പ്രതികളെ തൃശൂരിൽനിന്നു പൊലീസ് പിടികൂടി.