‘സര്‍ക്കാര്‍ ഈ പോക്കുപോയാല്‍ നിലപാടിൽനിന്നു പിന്‍മാറേണ്ടി വരും; സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹം’
Mail This Article
കോഴിക്കോട്∙ വയനാട് കലക്ടറേറ്റിലേക്ക് സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച് ഒതുക്കാൻ നോക്കിയ പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാട് പുനരധിവാസത്തിന് പണം നല്‍കാത്തതിനും നടപടികള്‍ സ്വീകരിക്കാത്തതിനും എതിരെയാണ് യൂത്ത് കോൺഗ്രസ് വയനാട് കലക്ടറേറ്റിലേക്കു സമാധാനപരമായി പ്രകടനം നടത്തിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് അടിച്ചമര്‍ത്തിയതെന്നും വി.ഡി.സതീശൻ ആരോപിച്ചു.
‘‘വയനാട്ടിലെ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാന സർക്കാർ കിട്ടിയ പണം ചെലവാക്കാന്‍ തയാറാകുന്നില്ല. വീടുകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും കര്‍ണാടക സര്‍ക്കാരും നൂറു വീടുകള്‍ വീതം നിര്‍മിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും വീട് പണിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ എടുത്ത് നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണ്. ഇത്രയും ആളുകളെ പുനരധിവസിപ്പിക്കേണ്ട ദൗത്യം ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.’’ – വി.ഡി സതീശൻ ആരോപിച്ചു.
‘‘നൂറ് വീടുകള്‍ 15 ഏക്കര്‍ സ്ഥലം വാങ്ങി നിര്‍മിച്ചു നല്‍കാമെന്നാണ് കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മിക്കണമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. ആ നിലപാടിന് ഞങ്ങള്‍ പിന്തുണ നല്‍കി. എന്നാല്‍ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു ദുരന്തമുണ്ടായപ്പോള്‍ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ നടക്കാതെ ഇതുവരെ കണ്ടിട്ടില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ ഈ പോക്കുപോയാല്‍ ഞങ്ങള്‍ക്ക് അതില്‍ നിന്നും പിന്‍മാറേണ്ടി വരും.’’– വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി.