ADVERTISEMENT

ഗുവാഹട്ടി∙ അസമിൽ ഗോമാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബുപെൻ കുമാർ ബോറ കത്തയച്ചാൽ, നിരോധിക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സാമഗുരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ഗോമാംസം വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനാണ് മറുപടി.

മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കുന്നതിനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഗോമാംസ പാര്‍ട്ടി നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് എംപി റാക്കിബുള്‍ ഹുസൈന്‍ ആരോപിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിച്ചിരുന്നത് ഗോമാംസം വിതരണം ചെയ്താണോയെന്നായിരുന്നു ഹിമന്തയുടെ ചോദ്യം. ഗോമാംസം വിതരണം ചെയ്താൽ വിജയിക്കാനാകുമോയെന്നും ചോദിച്ചു.

‘‘ഗോമാംസം ഇത്ര മോശമാണെന്ന് ഉറപ്പുണ്ടെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ എന്താണ് നിരോധിക്കാതിരുന്നത്. ഗോമാംസം ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ പറയുന്നുണ്ടല്ലോ. 25 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലത്തില്‍ ബിജെപി വിജയിച്ചതിനേക്കാള്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയാണ് പ്രധാനം. സംസ്ഥാനത്ത് ഗോമാംസം നിരോധിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. എന്നാല്‍, കോണ്‍ഗ്രസോ ബിജെപിയോ ഗോമാംസത്തെ കുറിച്ച് സംസാരിക്കില്ലെന്ന് അദ്ദേഹം എനിക്ക് എഴുതി നല്‍കിയാല്‍ മാത്രം മതി.

അത് ചെയ്താല്‍ സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ ബുപെന്‍ കുമാര്‍ ബോറ രേഖാമൂലം അഭ്യര്‍ഥിച്ചാല്‍ സംസ്ഥാനത്ത് ഉടനീളം ഗോമാംസം നിരോധനം നടപ്പാക്കാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഗോമാംസം പൂര്‍ണമായും നിരോധിക്കാം. പിന്നെ സംസ്ഥാനത്ത് ഒരു പാര്‍ട്ടിയും ഗോമാംസം വിതരണം ചെയ്യില്ല. ഒരു മതക്കാരും ഗോമാംസം കഴിക്കില്ല’’ – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

English Summary:

Beef Ban Controversy : Assam CM Himanta Biswa Sarma challenges Congress to request a beef ban, sparking controversy and debate over politics and religion in the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com