തിരുവല്ലയിൽ നേരിട്ടെത്തി ഗോവിന്ദൻ; ലോക്കൽ സെക്രട്ടറി തെറിച്ചു, സമ്മേളനം വീണ്ടും ചേരും
Mail This Article
പത്തനംതിട്ട ∙ തിരുവല്ല സിപിഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി നേതൃത്വം. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കെ.കെ..കൊച്ചുമോനെ മാറ്റി. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിനാണ് താൽക്കാലിക ചുമതല. അലങ്കോലമായ ലോക്കൽ സമ്മേളനം 9ന് വീണ്ടും ചേർന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നേരത്തേ നിർത്തിവച്ചത്.
നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ മുൻ ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിക്ക് താക്കീതും നൽകി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തിരുവല്ലയിലെ സംഘടനാ കാര്യങ്ങൾ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു.
പീഡനക്കേസ് പ്രതി സി.സി.സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് ലോക്കൽ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ടിലുണ്ടായിരുന്നത്. വിമർശനങ്ങൾ ചർച്ച ആകാതെയിരിക്കാൻ ജില്ലാ സെക്രട്ടറി ഇടപെട്ട് റിപ്പോർട്ട് പൂഴ്ത്തിവച്ചു. സമ്മേളനത്തിൽ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിർദേശപ്രകാരം പ്രതിനിധികളിൽ നിന്ന് റിപ്പോർട്ട് തിരികെ വാങ്ങുകയും ചെയ്തു.