‘പാർട്ടി ആരെയും സംരക്ഷിക്കില്ല, പ്രശ്നങ്ങൾ കൈകാര്യം ചെയ്യും; കോൺഗ്രസിന്റെ രീതിയല്ല സിപിഎമ്മിന്‍റേത്’
Mail This Article
തിരുവനന്തപുരം∙ കരുനാഗപ്പള്ളിയിൽ ഉണ്ടായത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമെന്നും വിഷയം പാർട്ടി വിരുദ്ധമാക്കാൻ ശ്രമം നടക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുനാഗപ്പള്ളിയിൽ ഉണ്ടായത് വിഭാഗീയതയല്ല, പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം മാത്രമാണ് നടന്നത്. അതിനെ പാർട്ടിവിരുദ്ധമാക്കുന്നതിനുള്ള പ്രചാരവേലയാണ് നടക്കുന്നത്.
പ്രശ്നങ്ങളെ കൃത്യമായ നിലപാട് സ്വീകരിച്ച് പാർട്ടി കൈകാര്യം ചെയ്യും. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ കരുനാഗപ്പള്ളിയിൽ സമ്മേളനം പൂർത്തിയാക്കൂ. ഓരോ സ്ഥലത്തുമുണ്ടാകുന്നത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടി ആരെയും സംരക്ഷിക്കില്ല. എല്ലായിടത്തും പാർട്ടി ഇടപെട്ട് നടപടി സ്വീകരിക്കും. ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യില്ല.
ധീരജിനെ കൊന്നവരെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ രീതിയല്ല സിപിഎമ്മിന്‍റേത്. എല്ലാ ഘടകങ്ങളുമായും പാർട്ടി ബന്ധപ്പെടുന്നുണ്ട്. തെറ്റായ പ്രവണതയെ ഫലപ്രദമായി നേരിടും. കരുനാഗപ്പള്ളിയിലെ ലോക്കൽ, ഏരിയ സമ്മേളനങ്ങൾ ഇനി നടക്കില്ല. അതിലെ പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.