ADVERTISEMENT

മാനന്തവാടി∙ ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്കയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. 

വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തിരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. ‘‘തിരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യുഡിഎഫ് പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. എന്റെ ആദ്യ ഉദ്യമം മലയാളം പഠിക്കുക എന്നതാണ്. വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പോരാടുക, അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് ഉത്തരവാദിത്തമാണ്. നിങ്ങളുടെ സ്നേഹത്തെ പൂർണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുന്നു. ആദിവാസി സഹോദരങ്ങൾ നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. വിളകൾക്ക് കൃത്യമായ വില ലഭിക്കാത്തത്, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കാരണം കർഷകർ കഷ്ടപ്പെടുന്നു.

വയനാട്ടിൽ ദുരന്തമുണ്ടായത് ഒരു ചെറിയ പ്രദേശത്ത് മാത്രമാണെന്ന് ലോകത്തോട് പറയണം. ഇവിടെ സുരക്ഷിതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. വയനാട് മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തിയാൽ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയും. രാഷ്ട്രീയ ജീവിതത്തിൽ കണ്ടതിൽവച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിലേത്. തിരഞ്ഞെടുപ്പ് സമയത്ത് വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട ഒരു കുട്ടിയെ പരിചയപ്പെട്ടു. മറ്റുള്ളവരെ സഹായിക്കുകയാണ് ഹോബിയെന്ന് അവനെന്നോട് പറഞ്ഞു.

വയനാടിനെ പാർലമെന്റിൽ പ്രതിനിധീകരിക്കുകയെന്നത് ഏറ്റവും വലിയ ആദരവും ഭാഗ്യവുമാണെന്ന് അവന്റെ ഉത്തരം കേട്ടപ്പോൾ മനസ്സിലായി. വയനാട്ടിലെ ജനങ്ങൾ പുലർത്തുന്ന സ്നേഹം സവിശേഷമാണ്. രാജ്യത്തിന്റെ ആത്മാവിനും ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ പൗരനും മെച്ചപ്പെട്ട ഭാവി ഉണ്ടാകാനുള്ള അവകാശത്തിനും വേണ്ടിയാണ് നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിഭവങ്ങൾ നീതിപൂർവമായ രീതിയിൽ ജനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയുള്ള, രാജ്യം പടുത്തുയർത്തപ്പെട്ട സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് നമ്മുടെ പോരാട്ടം.’’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.

English Summary:

Priyanka Gandhi Visits Wayanad: Priyanka Gandhi expresses gratitude to Wayanad for historic victory, pledges to learn Malayalam, address Adivasi & farmer concerns, boost tourism & aid disaster recovery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com