പാർലമെന്റിൽ പ്രതിപക്ഷ ബഹളം: ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു
Mail This Article
ന്യൂഡൽഹി∙ അദാനി, സംഭൽ, മണിപ്പുർ വിഷയങ്ങളിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ ബഹളം. ഇതേത്തുടർന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ഈ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് ലോക്സഭയിലും ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നോട്ടിസ് നൽകി. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും മഴയും വെള്ളപ്പൊക്കവും ലോക്സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
ലോക്സഭ ആരംഭിച്ചയുടൻതന്നെ അദാനി വിഷയം ഉൾപ്പെടെയുയർത്തി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി. ചില അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയും പ്രതിഷേധിച്ചു. ചോദ്യോത്തര വേള നടക്കാൻ അനുവദിക്കണമെന്നും പ്രതിഷേധം അതിനുശേഷം നടത്താമെന്നും സ്പീക്കർ ഓം ബിർല പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പിന്നാലെ ഒരു ചോദ്യം ഉന്നയിച്ചു. എന്നാൽ സ്പീക്കറുടെ നിർദേശം പാടെ പ്രതിപക്ഷാംഗങ്ങൾ അവഗണിച്ചതോടെയാണ് ലോക്സഭ നിർത്തിവച്ചു.
നവംബർ 25നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. ഇന്ത്യ – ചൈന ബന്ധത്തിലുണ്ടായ നിർണായക സംഭവ വികാസങ്ങൾ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്ന് ലോക്സഭയെ അറിയിക്കും. കോസ്റ്റൽ ഷിപ്പിങ്, ബാങ്കിങ് നിയമങ്ങൾ, റെയിൽവേസ് ആക്ട് 1989ലെ ഭേദഗതി തുടങ്ങിയവയും ലോക്സഭയിൽ അവതരിപ്പിക്കും. എണ്ണപ്പാടങ്ങൾ, വിമാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില ബില്ലുകൾ രാജ്യസഭ ഇന്ന് പരിഗണിക്കും.