ADVERTISEMENT

കണ്ണൂര്‍ ∙ 1.25 കോടി രൂപ, 267 പവൻ സ്വർണം... മന്നയിലെ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ മോഷണത്തിനു കയറുമ്പോൾ അയൽവാസി ലിജേഷ് കരുതിയിരുന്നില്ല ഇത്രയും വലിയൊരു നിധിയുടെ മുന്നിലേക്കാണു താൻ പൂട്ടു പൊളിച്ചെത്തിയതെന്ന്. പക്ഷേ, ക്യാമറയിൽ പതിയാതിരിക്കാൻ മുഖംമൂടിയണിഞ്ഞ് തിരിച്ചുവച്ച ക്യാമറ തന്നെ ലിജേഷിനു കെണിയായി. ക്യാമറ തിരിച്ചുവച്ചത് വീടിനകത്തെ ദൃശ്യം കാണുന്ന വിധത്തിലായിരുന്നു. ജനലിലെ ഗ്രിൽ മാറ്റി അകത്തുകടന്ന ലിജേഷ് കിടപ്പുമുറിയുടെ കർട്ടൻ നീക്കാൻ ശ്രമിച്ചപ്പോൾ മുഖം ക്യാമറയിൽ പതിഞ്ഞു. ഇതാണ് പൊലീസിനു പിടിവള്ളിയായത്.

കളവു ചെയ്യുമ്പോൾ പിടിക്കപ്പെടാൻ എന്തെല്ലാം മുൻകരുതലെടുത്താലും ഏതെങ്കിലും ഒരു വീഴ്ചയുണ്ടാകുമെന്നു പറയുമല്ലോ, അതാണ് ലിജേഷിന്റെ കാര്യത്തിലും സംഭവിച്ചത്. വീടിനകത്തുനിന്നുള്ള ദൃശ്യത്തിൽ ലിജേഷിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും തെളിഞ്ഞിരുന്നു. ഈ കഷണ്ടിയായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ പിടിവള്ളി. പൊലീസിന്റെ ഡേറ്റ ശേഖരത്തിൽ പേരുള്ള, കഷണ്ടിയുള്ള കള്ളന്മാരൊന്നും അന്നു കണ്ണൂരിൽ വന്നിട്ടില്ലെന്നു പരിശോധനയിൽ മനസ്സിലായി. ആ പട്ടികയിലെ രണ്ടു കള്ളന്മാരിൽ ഒരാൾ തൃശൂരും ഒരാൾ വടകരയിലുമാണ്. അങ്ങനെയാണ് കഷണ്ടിയുള്ള കള്ളൻ പ്രഫഷനലല്ലെന്നും പുതുമുഖമാണെന്നും മനസ്സിലായത്.

അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽനിന്നു മോഷണം പോയ സ്വർണവും പണവും പൊലീസ് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ. പിടിയിലായ പ്രതി ലിജീഷ്. ചിത്രം: സമീർ എ.ഹമീദ് / മനോരമ
അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽനിന്നു മോഷണം പോയ സ്വർണവും പണവും പൊലീസ് മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചപ്പോൾ. പിടിയിലായ പ്രതി ലിജീഷ്. ചിത്രം: സമീർ എ.ഹമീദ് / മനോരമ

പിന്നീട്, മോഷണം നടന്ന വീടിന്റെ പരിസരത്തുള്ള, കഷണ്ടിയുള്ള ആളുകളെ തിര‍ഞ്ഞപ്പോൾ പൊലീസ് ലിജേഷിനെയും കണ്ടിരുന്നു. എന്നാൽ ലിജേഷിന്റെ പെരുമാറ്റത്തിൽ പൊലീസിന് അസ്വാഭാവികത തോന്നിയില്ല. എന്നാൽ മുൻപു ചെയ്തൊരു മോഷണം തനിക്കു വിനയായി വരുമെന്ന് ലിജേഷ് കരുതിയില്ല.

കഴിഞ്ഞവർഷം കീച്ചേരി എന്ന സ്ഥലത്തെ ആൾ‍താമസമില്ലാത്ത ഒരു വീട്ടിൽ ലിജേഷ് മോഷ്ടിക്കാൻ കയറിയിരുന്നു. അവിടെയും ജനലിന്റെ ഗ്രിൽ എടുത്തുമാറ്റിയാണ് അകത്തുകയറിയത്. അന്നു പ്രതിയെ പിടികൂടാൻ പൊലീസിനു സാധിച്ചിരുന്നില്ല. എന്നാൽ മോഷ്ടാവിന്റെ വിരലടയാളം ശേഖരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ലിജേഷിനെ ചോദ്യം ചെയ്യാൻ വളപട്ടണം സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. അപ്പോഴും ഭാവവ്യത്യാസമില്ലാതെയാണ് ലിജേഷ് പെരുമാറിയത് അപ്പോഴാണ് കീച്ചേരിയിലെ വീട്ടിൽനിന്നു ലഭിച്ച വിരലടയാളവും ലിജേഷിന്റെ വിരലടയാളവും ഒന്നാണെന്നു കണ്ടെത്തിയ റിപ്പോർട്ട് പൊലീസിനു ലഭിച്ചത്. കീച്ചേരിയിലും മന്നയിലും ജനൽ ഗ്രിൽ എടുത്തുമാറ്റിയാണ് മോഷണം നടത്തിയത്. ഈ രണ്ടു കാര്യവും വച്ചു ചോദിച്ചപ്പോൾ ലിജേഷിനു പിടിച്ചുനിൽക്കാനായില്ല. കുറ്റം സമ്മതിക്കേണ്ടി വന്നു. നവംബർ 20ന് രാത്രി നടത്തിയ മോഷണത്തിന് ഡിസംബർ ഒന്നിനു രാത്രി കുറ്റസമ്മതം നടത്തി. രാത്രിയോടെ തന്നെ ലിജേഷിന്റെ വീട്ടിൽനിന്നു കളവുമുതൽ പൊലീസ് കണ്ടെടുത്തു. കട്ടിലിന്റെ അടിയിൽ ഉണ്ടാക്കിയ പ്രത്യേക അറയിലായിരുന്നു 1.25 കോടി രൂപയും 267 പവനും. ഇതിൽ 2000 രൂപ മാത്രമേ ലിജേഷ് എടുത്തിരുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com