‘പെട്ടിതാങ്ങികൾക്കു ഭാരവാഹിത്വം’: കൊടുമൺ ഏരിയ സെക്രട്ടറിക്കെതിരെ വിമർശനവുമായി സിപിഎം പ്രവർത്തകർ
Mail This Article
പത്തനംതിട്ട ∙ സിപിഎം കൊടുമൺ ഏരിയ സെക്രട്ടറിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി പാർട്ടി പ്രവർത്തകർ. വിഭാഗീയത തുറന്ന പോരിലേക്കെത്തിയതോടെ ജില്ലാ സമ്മേളനമാകുമ്പോൾ എന്താകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പാർട്ടി പ്രവർത്തകരും നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ പോര് തുടരുകയാണ്.
ജില്ലാ സെക്രട്ടറിയുടെ മൂടു താങ്ങികൾക്കും പെട്ടി താങ്ങികൾക്കും ഭാരവാഹിത്വമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം കലഞ്ഞൂരിൽ നടന്ന ഏരിയ സമ്മേളനത്തിലാണ് ആർ.ബി.രാജീവ്കുമാർ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘കാളക്കൂറ്റൻ സർവ സന്നാഹവുമായി കളത്തിലിറങ്ങിയാൽ സാധുക്കൾക്കു പിടിച്ചു നിൽക്കാൻ കഴിയുമോ ?’ എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം കൊടുമണിൽ ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച കെ.പ്രസന്നകുമാർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറിയുടെ നിലപാടുകളോടുള്ള പരസ്യ എതിർപ്പായാണ് ഈ പ്രതികരണങ്ങൾ വിലയിരുത്തപ്പെടുന്നത്. ഏനാദിമംഗലത്തെ സിപിഎം പഞ്ചായത്തംഗത്തിന്റെ ഭർത്താവും കൊടുമൺ ഏരിയാ സമ്മേളനത്തിലെ നടപടികളെ വിമർശിച്ചു.
തിരഞ്ഞെടുപ്പിലൂടെയാണ് കൊടുമണിൽ രാജീവ് സെക്രട്ടറിയായത്. ജില്ലാ സെക്രട്ടറിയുടെ നാട്ടിലുള്ള കമ്മിറ്റിയിൽ പോലും തിരഞ്ഞെടുപ്പിലൂടെ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതിന് പുറമേയാണ് സമൂഹ മാധ്യമത്തിലൂടെയുള്ള ഈ വിമർശനം. പാർട്ടിയുടെ ഈ നടപടിക്കെതിരെ ഏഴംകുളം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗമായ സിപിഎം അംഗം എ.എസ്.ഷെമീനാണ് സമൂഹ മാധ്യമത്തിലൂടെ വിമർശനവുമായി രംഗത്ത് വന്നത്. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് ഷെമീൻ.
രാജീവ് കുമാറിന് സെക്രട്ടറിയാകാൻ എന്ത് യോഗ്യതയാണുള്ളതെന്നും സിപിഎം എന്ന പാർട്ടി നശിപ്പിക്കാനാണോ ഇങ്ങനെ തീരുമാനിച്ചതെന്നുമാണ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരിക്കുന്നത്. യഥാർഥ സഖാക്കൾ പാർട്ടിക്ക് പുറത്താണ് എന്നതടക്കം സിപിഎം നേതൃത്വത്തിന്റെ നടപടിയിൽ പ്രവർത്തകർക്കിടയിൽ രൂക്ഷവിമർശനം ഉയരുകയാണ്.
പാർട്ടിയുടെ തെറ്റായ നയങ്ങൾക്ക് എതിരെ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിയോജിപ്പുമായി ഷെമീൻ രംഗത്തു വന്നിരുന്നു. പാർട്ടി അംഗത്വം രാജിവയ്ക്കാനും ശ്രമം നടന്നിരുന്നു. ഒടുവിൽ ജില്ലാ നേതൃത്വം ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. പാർട്ടിയുടെ തെറ്റായ പോക്കിനെതിരെയാണ് വിമർശനം ഉന്നയിച്ചതെന്നും യഥാർഥ പാർട്ടി പ്രവർത്തകർക്ക് ഈ നീക്കത്തിൽ വിഷമമുണ്ടെന്നും ആരും തുറന്നു പറയാത്തതാണെന്നും ഷെമീൻ പറഞ്ഞു.