ബാഗിൽ ചിറകടി ശബ്ദം; തുറന്നപ്പോൾ വേഴാമ്പലും ‘അപൂർവ’ പക്ഷികളും: കൊച്ചി വിമാനത്താവളത്തിൽ പക്ഷിക്കടത്ത്
Mail This Article
കൊച്ചി∙ സ്വർണവും ഇലക്ട്രോണിക് സാധനങ്ങളും മറ്റും സ്ഥിരമായി പിടിച്ചെടുക്കുന്ന കൊച്ചി കസ്‌റ്റംസിന് വേറിട്ടൊരു അനുഭവത്തിന്റെ പൊൻതൂവൽ. ഞായറാഴ്ച രാത്രി വിമാനത്തിൽ വന്ന തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നീ യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോൾ അതിൽനിന്നും കേട്ടത് ചിറകടി ശബ്ദം.
പിന്നീട് കണ്ടതാകട്ടെ അവിശ്വസനീയമായ കാഴ്ചകളും. വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളാണ് ബാഗിൽ ഉണ്ടായിരുന്നത്. വിദഗ്ധ പരിശോധനകൾക്കും തുടർ നടപടികൾക്കുമായി വനം വകുപ്പിനു പക്ഷികളേയും യാത്രക്കാരെയും കൈമാറി
കൊച്ചി കസ്റ്റംസും വനം വകുപ്പും ചേർന്നായിരിക്കും തുടർന്നുള്ള അന്വേഷണം. മൂന്നു തരത്തിൽപ്പെട്ട പക്ഷികളാണ് ബാഗിലുണ്ടായിരുന്നത്. 25,000 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളാണ് ഇവ. ഇതിൽ ചിലതിനു നമ്മൾ തന്നെ ഭക്ഷണം കൊടുക്കണം. ചിലത് വേട്ടയാടി പിടിക്കാൻ കഴിവുള്ളവയും ആണ്. 3 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
75,000 രൂപ പ്രതിഫലത്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്ന് പിന്നീട് പ്രതികൾ സമ്മതിച്ചു. കസ്റ്റംസും വനം വകുപ്പും പ്രതികളെ ചോദ്യം ചെയ്യുകയാണ്. നടപടികൾക്കു ശേഷം പക്ഷികളെ ഇതിന്റെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കും. ഇപ്പോൾ ഡോക്ടർമാരുടെയും മറ്റു പക്ഷി വിദഗ്ധരുടെയും പരിചരണത്തിലാണ് ഈ അപൂർവ ഇനം പക്ഷികൾ.