2.2 കോടി രൂപയുടെ പാക്കേജ് 3 വിദ്യാർഥികൾക്ക്; ഐഐടി ബോംബെ പ്ലേസ്‌മെന്റ് സീസൺ ഉഷാർ
Mail This Article
മുംബൈ∙ ഫിൻടെക് ട്രേഡിങ് കമ്പനിയായ ഡാവിഞ്ചി ഡെറിവേറ്റീവ്‌സിൽനിന്ന് 2.2 കോടി രൂപയുടെ റെക്കോർഡ് ഓഫറുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയുടെ പ്ലേസ്‌മെന്റ് സീസണിന്റെ ആദ്യ ഘട്ടം ഞായറാഴ്ച ആരംഭിച്ചു. 2.2 കോടി രൂപയുടെ ഉയർന്ന പാക്കേജ് 3 വിദ്യാർഥികൾക്ക് ലഭിക്കുമെന്നാണ് സൂചന. ഈ വർഷം ഐഐടി-ബി വിദ്യാർഥികൾക്ക് 258 പ്രീ-പ്ലേസ്‌മെന്റ് ഓഫറുകളാണ് ലഭിച്ചത്.
വൻകിട ഇന്ത്യൻ കമ്പനികളും വേൾഡ് ക്വാന്റ്, ഐഎംസി, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ഉൾപ്പെടെ നാൽപതിലധികം കമ്പനികൾ ആദ്യ ദിവസത്തെ പ്ലേസ്‌മെന്റിൽ പങ്കെടുത്തു. പങ്കെടുക്കുന്ന സ്ഥാപനങ്ങൾ ഒന്നിലധികം റൗണ്ട് അഭിമുഖങ്ങൾ നടത്തുകയും കൂടുതൽ മൂല്യനിർണയത്തിനായി ഉദ്യോഗാർഥികളുടെ ചുരുക്ക പട്ടിക തയാറാക്കുകയും ചെയ്തു.
നിരവധി കമ്പനികൾ മുൻ പ്ലെയ്‌സ്‌മെന്റ് സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പാക്കേജുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓല, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇന്ത്യൻ കമ്പനികളും ആദ്യ ദിനം വിദ്യാർഥികൾക്ക് ഓഫറുകൾ നൽകി. പ്ലേസ്‌മെന്റ് സീസൺ1 ഡിസംബർ 15 വരെ തുടരും.