‘അവിടെ ശാസന ഇവിടെ ലാളന’: വ്യാജ വാർത്ത വേണ്ടെന്ന് കണ്ണൂർ കലക്ടർ, ഇഷ്ടമുള്ളത് ചെയ്യാൻ ആലപ്പുഴ കലക്ടർ
Mail This Article
കോട്ടയം∙ കണ്ണൂർ ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി.പദ്മചന്ദ്ര കുറുപ്പ്. ഇത് സംബന്ധിച്ച് പൊതുജനങ്ങൾ ഔദ്യോഗികമായ അറിയിപ്പുകൾ മാത്രം പിന്തുടരണം. ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുവെന്ന രീതിയിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കുമെന്നും എഡിഎം അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച അവധി തന്നില്ലെന്നു പറഞ്ഞ് ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയെന്നും ചെവ്വാഴ്ച അവധിയാണെന്നും ആലപ്പുഴ കലക്ടർ അലക്സ് വർഗീസ് സമൂഹ മാധ്യമത്തിൽ കുറിച്ചു. അവധി കിട്ടിയെന്ന് വച്ച് ആ സമയം വെറുതെ പാഴാക്കരുതെന്നും പുസ്തകങ്ങൾ വായിക്കാൻ ചെലവഴിക്കണമെന്നും കലക്ടർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ആലപ്പുഴ കലക്ടറുടെ പോസ്റ്റിന്റെ പൂർണരൂപം
‘‘ പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ, നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണുട്ടോ..
ഇന്ന് അവധി തന്നില്ലെന്ന് പറഞ്ഞു ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയിരുന്നു. വെറുതെ അവധി തരാനാവില്ലല്ലോ, മഴ മുന്നറിയിപ്പും മറ്റ് സാഹചര്യങ്ങളും നോക്കി മാത്രമല്ലേ അവധി തരാനാകൂ.. എന്തായാലും നിങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനങ്ങളേ ജില്ല ഭരണകൂടം കൈക്കൊള്ളൂ. അതോർത്ത് പേടിക്കേണ്ടട്ടോ…
പിന്നെ അവധി കിട്ടിയെന്ന് വച്ച് ആ സമയം വെറുതെ പാഴാക്കരുത്. പുസ്തകങ്ങൾ വായിക്കാനും ക്രിയേറ്റീവ് ആയി നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും സ്കൂളിലേക്കുള്ള അസൈൻമെന്റ് ചെയ്യാനും പഠിക്കാനും ഒക്കെ വിനിയോഗിക്കണം ’’.
‘‘ വെള്ളത്തിൽ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുത് കേട്ടോ. ഈ കാര്യം മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. ഒത്തിരി സ്നേഹത്തോടെ…ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധിയാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല ’’.