ADVERTISEMENT

‌ശബരിമല∙ കനത്ത മഴയെ തുടർന്ന് കരിമല, പുല്ലുമേട് എന്നീ രണ്ട് കാനന പാതകളിലൂടെയുള്ള ശബരിമല തീർഥാടകരുടെ കാൽനട യാത്രയ്ക്കു നിരോധനം. കരിമല വഴിയുള്ള കാനന പാതയിൽ അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിൽ വനപാലകർ തീർഥാടകരെ തടഞ്ഞു മടക്കി അയയ്ക്കുകയാണ്. എരുമേലി പേട്ട തുള്ളിയാണ് തീർഥാടകർ കരിമല വഴിയുള്ള കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കാളകെട്ടി വഴി അഴുതയിൽ കാൽനടയായി എത്തിയ തീർഥാടകരെ വാഹനത്തിൽ കണമല, നിലയ്ക്കൽ വഴി പമ്പയിലേക്കു പോകാൻ നിർദേശം നൽകി മടക്കുകയാണ്.

അഴുതക്കടവിൽനിന്നു പമ്പയിൽ എത്താൻ വാഹനം കിട്ടാതെ തീർഥാടകർ വിഷമിച്ചു. എരുമേലിയിൽനിന്നു പരമ്പരാഗത പാതയിലൂടെ പമ്പയിൽ എത്താൻ 35 കിലോമീറ്റർ ദൂരമുണ്ട്. അഴുതക്കടവിലാണ് പെരിയാർ കടുവ സങ്കേതത്തിലേക്കു തീർഥാടകർ പ്രവേശിക്കുന്നത്. അഴുതക്കടവ് മുതൽ പമ്പ വരെ 18 കിലോമീറ്ററാണു ദൂരം. കുത്തനെയുള്ള കയറ്റവും ഇറക്കവുമാണ്. മഴ മൂലം മണ്ണിടിച്ചിൽ സാധ്യതയും ഏറെ. കഴിഞ്ഞ ദിവസം പുല്ലുമേട് പാതയിലൂടെ എത്തിയ 12 പേർ മഴ കാരണം വഴിയിൽ കുടുങ്ങിയിരുന്നു. പാതയിൽ തെന്നി വീണ് ഇക്കൂട്ടത്തിലുള്ള പലർക്കും പരുക്കേറ്റു. ഇതിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ്, കാനനപാതയിലൂടെയുള്ള കാൽനട യാത്രയ്ക്കു നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു.

മഴ ശക്തമായതിനാൽ വണ്ടിപ്പെരിയാർ സത്രത്തിൽനിന്നു പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള യാത്രയും നിരോധിച്ചു. സത്രത്തിൽനിന്നു സന്നിധാനത്ത് എത്താൻ 13 കിലോമീറ്റർ ദൂരമുണ്ട്. മഴ പെയ്തു വഴി ചെളി നിറഞ്ഞു തെന്നിവീഴുന്ന അവസ്ഥയിലാണ്. അതിനിടെ, ശബരിമലയിൽ ഇന്നു രാവിലെ 10 മണിവരെ ദർശനം നടത്തിയത് 37,249 പേർ. ഇതിൽ 6,822 പേർ തത്സമയ ബുക്കിങ്ങിലൂടെയാണ് എത്തിയത്. ദർശനത്തിനായി ഇപ്പോഴും ഭക്തരുടെ തിരക്കുണ്ട്.  ചാറ്റൽ മഴ തുടരുകയാണ്.

പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉണ്ടാവുമെന്ന മുന്നറിയിപ്പുള്ളതിനാൽ പമ്പാ നദിയിൽ ഇറങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിനാൽ ഈ നിയന്ത്രണത്തിൽ ഇളവു നൽകിത്തുടങ്ങി. ഇളവു വന്നെങ്കിലും പമ്പാ നദിയിൽ ഇറങ്ങുമ്പോൾ കുട്ടികളും മുതിർന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നദിയിൽ  അടിയൊഴുക്കിനുള്ള സാഹചര്യം പരിഗണിച്ച് പമ്പയുടെ ഇരുകരകളിലും ദേശീയ ദുരന്ത നിവാരണ സേനയുടെയും അഗ്നിരക്ഷാ സേനയുടെയും ഉദ്യോഗസ്ഥരെ സുരക്ഷ ഒരുക്കാൻ വിന്യസിച്ചിട്ടുണ്ട്.

ത്രിവേണിയിൽ സംഗമിക്കുന്ന പമ്പ, കക്കി നദികളിൽ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിൽ വെള്ളം കലങ്ങിയാണു വരുന്നത്. തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നു വെള്ളം ഒഴുക്കിക്കളഞ്ഞു.

നദിയിലെ ജലനിരപ്പ് നിരീക്ഷിച്ചു ക്രമീകരണങ്ങൾക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ് എന്നിവിടങ്ങളിൽ 24 മണിക്കൂറും ക്യാംപ് ചെയ്യുന്നുണ്ട്. അഗ്നിരക്ഷാസേന, ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരും നിരീക്ഷണം ശക്തമാക്കി. റവന്യു ഉദ്യോഗസ്ഥരും ഇടയ്ക്കിടെ പമ്പാ മണപ്പുറം, ത്രിവേണി, ആറാട്ട് കടവ് എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്. അയ്യപ്പ ദർശനത്തിനായുള്ള ക്യൂ നടപ്പന്തലിൽ തുടരുകയാണ്. ഇന്നലെ രാത്രി 10 വരെ 60,983 തീർഥാടകരെത്തി.

English Summary:

Sabarimala Temple News Updates: Due to incessant rainfall, authorities have closed the Karimala and Pullumedu forest paths leading to the Sabarimala temple. Pilgrims are being stopped and turned back at Azhuthakadavu and Mukkuzhi along the Karimala route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com