ക്രിസ്മസ് അവധിക്കു മുൻപേ ശ്രീദീപ് നാട്ടിലെത്തി; ചേതനയറ്റ ശരീരമായി: കണ്ണീരണിഞ്ഞ് ശേഖരീപുരം
Mail This Article
പാലക്കാട് ∙ ക്രിസ്മസ് അവധിക്കു നാട്ടിലെത്താെമെന്നു പറഞ്ഞാണ് ശ്രീദീപ് ആലപ്പുഴയിലേക്ക് പോയത്. പക്ഷേ അവധിക്കുമുൻപേ അവൻ തിരികെയെത്തി, ചേതനയറ്റ ശരീരമായി. നാട്ടുകാരുടെ പ്രിയപ്പെട്ട ‘ശ്രീ’ ആയിരുന്നു ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ ഒരാളായ ശ്രീദീപ് വത്സൻ (20). ഇന്നലെ ഉച്ചയ്ക്കു തന്നെ ശ്രീദീപിനെ അവസാനമായി കാണാൻ ജനങ്ങൾ ശേഖരീപുരത്തെ വീടിനു മുന്നിൽ കാത്തു നിന്നു. വൈകീട്ട് നാലരയോടെ മൃതദേഹം എത്തിയപ്പോൾ ജനം പൊട്ടിക്കരഞ്ഞു.
ശ്രീദീപിന്റെ വീട്ടിലെ ഷെൽഫ് നിറയെ അവൻ വാങ്ങിയ സമ്മാനങ്ങളായിരുന്നു. ദേശീയ–സംസ്ഥാന സ്കൂൾ ഗെയിംസിലും സംസ്ഥാന കലോത്സവങ്ങളിലും ഷൂട്ടിങ് ചാംപ്യൻഷിപ്പിലും പഠനമികവിനുമായി വാരിക്കൂട്ടിയ സമ്മാനങ്ങൾ. അച്ഛൻ കെ.ടി.വത്സൻ അധ്യാപകനായ ചന്ദ്രനഗർ ഭാരതമാതാ സ്കൂളിലായിരുന്നു എൽപി ക്ലാസ്സ് മുതൽ ശ്രീദീപ് പഠിച്ചത്. എസ്എസ്എൽസിക്കും പ്ലസ് ടുവിനും മുഴുവൻ എ പ്ലസും നേടി. ഡോക്ടർ ആകണമെന്നായിരുന്നു ചെറുപ്പം മുതലേയുള്ള ആഗ്രഹം. എൻട്രൻസ് പരീക്ഷയിൽ മികച്ച ജയം നേടി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശനം നേടി. ഒക്ടോബറിലാണു ആലപ്പുഴയിലേക്കു പോയത്. യാത്രയയപ്പ് സമ്മേളനം ഒരുക്കി അനുഗ്രഹിച്ചും അനുമോദിച്ചുമായിരുന്നു നാട്ടുകാർ ശ്രീദീപിനെ ആലപ്പുഴയിലേക്ക് വിട്ടത്. ക്രിസ്മസ് അവധിക്കു നാട്ടിലെത്താനിരിക്കേയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ശ്രീദീപിനെ വിധി തട്ടിയെടുത്തത്.
ചെറുപ്പം മുതൽ കലാ–കായിക രംഗത്തു സജീവമായിരുന്ന ശ്രീദീപ് 2018ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഹർഡിൽസിൽ വെള്ളി നേടി. അടുത്ത വർഷം മഹാരാഷ്ട്രയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ ഇതേ ഇനത്തിൽ കേരളത്തിനുവേണ്ടി മത്സരിച്ചു. സൗത്ത് സോൺ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ വെങ്കല മെഡലും നേടി. പാലക്കാട് ഒളിംപിക് അക്കാദമിയിൽ മുൻ കായിക താരം സി.ഹരിദാസിന്റെ കീഴിലായിരുന്നു പരിശീലനം.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഉൾപ്പെടെ ജനപ്രതിനിധികളും എൻ.എൻ.കൃഷ്ണദാസ്, ഡോ.പി.സരിൻ, സി.കൃഷ്ണകുമാർ ഉൾപ്പെടെ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ശ്രീദീപിന് അന്തിമോപചാരം അർപ്പിക്കാനെത്തി.