മധു താമരക്കുമ്പിളില്‍; നാളെ ബിജെപി അംഗത്വം സ്വീകരിക്കും: വിഭാഗീയക്കുരുക്കില് സിപിഎം
Mail This Article
തിരുവനന്തപുരം∙ സമ്മേളനകാലത്ത് പ്രാദേശിക വിഭാഗീയതയില്‍ നട്ടംതിരിയുന്ന സിപിഎമ്മില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്. കായംകുളം ഏരിയ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുന്‍ ഏരിയ സെക്രട്ടറി തന്നെ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ബിജെപിയില്‍ ചേരുന്നത്. മധു മുല്ലശേരി ബുധനാഴ്ച രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കും.
സിപിഎം ഏരിയാ സെക്രട്ടറി ബിജെപിയിലേക്കു വരുന്നത് ഏറെ ഗൗരവത്തോടെ കാണുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുന്‍കേന്ദ്രമന്ത്രി വി.മുരളീധരനും തന്റെ വീട്ടിലെത്തിയതെന്ന് മധു മുല്ലശേരി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. ‘‘ഞാന്‍ നേരത്തേ തന്നെ ബിജെപിയുമായി അടുത്തിരുന്നുവെന്ന് ഇപ്പോഴാണ് വി.ജോയി ഉള്‍പ്പെടെ നേതാക്കള്‍ പറയുന്നത്. മുന്‍പ് ഈ ആരോപണങ്ങളൊന്നും അവര്‍ പറഞ്ഞിട്ടില്ല. ഈ ഏരിയാ സമ്മേളനത്തില്‍ പോലും അത്തരം ആരോപണം ഉയര്‍ന്നിട്ടില്ല. ബിജെപി നേതാക്കള്‍ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളും മുസ്‌ലിം ലീഗ് നേതാക്കളും പി.വി.അന്‍വറും ബന്ധപ്പെട്ടിരുന്നു. ശക്തമായ ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയിലാണ് ബിജെപിയിലേക്കു പോകുന്നത്. കോണ്‍ഗ്രസ് അത്ര ശക്തമല്ല. അതിനു പുറമേ നരേന്ദ്രമോദി രാജ്യത്തു നടത്തുന്നത് വലിയ വികസനപരിപാടികളും ആണ്. അതുകൊണ്ടൊക്കെയാണ് ബിജെപി തിരഞ്ഞെടുത്തത്. ഞാന്‍ സിപിഎമ്മുമായി അകന്നതിനു ശേഷമാണ് വി.വി.രാജേഷ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടത്. ഉപാധികളൊന്നും വയ്ക്കാതെയാണ് ബിജെപിയിലേക്കു പോകുന്നത്. നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ ബിജെപിയിലേക്ക് എത്തും. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. അതില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. ആറു വര്‍ഷമായി ഞാന്‍ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. വി.ജോയി ജില്ലാ സെക്രട്ടറി ആയതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അധികാരമോഹത്തോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീയ പ്രവര്‍ത്തനത്തിനാണ് ജോയി ശ്രമിക്കുന്നത്. ഇവിടെ മാത്രമല്ല മറ്റു പലയിടത്തും ഇതേ നീക്കങ്ങളാണ് ജോയി നടത്തുന്നത്. തന്റെ ഇഷ്ടക്കാരെ കമ്മിറ്റികളില്‍ തിരുകി കയറ്റി നിയന്ത്രണം പിടിക്കാനുള്ള നടപടികളാണ് നടത്തുന്നത്. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോടു പരാതിപ്പെട്ടെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. പുതിയ ഏരിയാ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത ജലീല്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളാണ്.’’മധു മുല്ലശേരി പറഞ്ഞു.
സിപിഎമ്മിലെ സംഘടനാപ്രശ്‌നങ്ങള്‍ യഥാസമയം ഇടപെട്ടു പരിഹരിക്കുന്നതില്‍ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്കു വീഴ്ച ഉണ്ടാകുന്നതായി പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തന്നെ നേരിട്ട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മുന്നിട്ടിറങ്ങിയിട്ടും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നിര്‍ണായകമായ ജില്ലാ തലത്തിലേക്കു കടക്കുന്നതിനിടെയാണ് പ്രാദേശിക വിഭാഗീയത രൂക്ഷമാകുന്നതും നേതൃത്വത്തിന് തലവേദന കൂടുന്നതും.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയുമായുള്ള അഭിപ്രായഭിന്നതയുടെ പേരില്‍ പാര്‍ട്ടിവിട്ട മധുവിനെ ഇന്നു രാവിലെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മധു ബിജെപിയില്‍ ചേര്‍ന്നത്. ഏരിയാ സെക്രട്ടറിയായിരിക്കുമ്പോള്‍ തന്നെ മധു ബിജെപിയിലേക്കു കാലെടുത്തു വയ്ക്കുകയും ചില ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവെന്നാണ് വി.ജോയി പറഞ്ഞത്. പാര്‍ട്ടി വര്‍ഗീയശക്തികളുടെ നിയന്ത്രണത്തിലാണെന്നു പറഞ്ഞാണ് ബിപിന്‍ സിപിഎം വിട്ടതെങ്കില്‍ വിഭാഗീയതയില്‍ പൊറുതിമുട്ടിയാണ് സിപിഎമ്മുമായുള്ള 42 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് എത്തുന്നതെന്നാണ് മധു പ്രതികരിച്ചത്. സിപിഎമ്മില്‍നിന്ന് അസംതൃപ്തരായ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടതിന്റെ പഴികേള്‍ക്കേണ്ടി വന്ന സംസ്ഥാന നേതൃത്വത്തിന് സിപിഎം നേതാക്കളുടെ കടന്നുവരവ് വലിയ ആശ്വാസമാണ് നല്‍കുന്നത്. ബിജെപി ജില്ലാ സെക്രട്ടറി വി.വി.രാജേഷ് അടക്കമുള്ള നേതാക്കള്‍ മധുവിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മധുവിനെ മാറ്റി പകരം എം.ജലീലിന്റെ പേര് പാര്‍ട്ടി ജില്ലാ നേതൃത്വം ഉയര്‍ത്തിക്കാട്ടിയതോടെയാണ് മധു പാര്‍ട്ടി വിട്ടത്. ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് മധു മുല്ലശേരി മംഗലപുരം ഏരിയ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന്, സമ്മേളനം അലങ്കോലമായി. സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പാര്‍ട്ടി വിടുമെന്നും മധു മുല്ലശേരി അറിയിച്ചു. തുടര്‍ന്ന് മധുവിനെ പുറത്താക്കാന്‍ സിപിഎം തീരുമാനിക്കുകയായിരിന്നു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ജലീലിന് 16 വോട്ടും മധുവിന് അഞ്ച് വോട്ടുമാണ് ലഭിച്ചത്. തന്നെ നേതൃത്വം ബോധപൂര്‍വം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് മധു ആരോപിച്ചിരുന്നു. വി.ജോയി എംഎല്‍എ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചെന്നുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് മധു മുല്ലശേരി ഉന്നയിച്ചത്. അതേസമയം ജോയി ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്നു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മംഗലപുരം ഏരിയ കമ്മിറ്റി പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ജില്ലയില്‍ സിപിഎമ്മിന് സംഘടനാപരമായി കരുത്തേറെയുള്ള മംഗലപുരം ഏരിയ കമ്മിറ്റിയാണ് പരസ്യമായ ചേരിപ്പോരിലൂടെ വിവാദ കേന്ദ്രമായി മാറിയിരിക്കുന്നത്. ഈ കമ്മിറ്റിക്കു കീഴിലെ താമസക്കാരനായ ജില്ലാ സെക്രട്ടറി വി.ജോയിയെ ആരോപണ മുനയില്‍ നിര്‍ത്തിയ പരസ്യകലാപവുമായാണ് മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരി പാര്‍ട്ടിക്കു പുറത്തു പോകുന്നത്. അത് പ്രാദേശിക തര്‍ക്കങ്ങള്‍ക്കപ്പുറത്തേക്കും വ്യാപിക്കുന്നു. നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവും ഫണ്ട് വെട്ടിപ്പും ബിസിനസ് താല്‍പര്യങ്ങളും മുതല്‍ രഹസ്യമായ ബിജെപി ബന്ധം വരെയാണ് പരസ്പരം ആരോപിക്കപ്പെടുന്നത്. മധുവിനെതിരെ ഏരിയ കമ്മിറ്റിയില്‍ അതൃപ്തി പുകഞ്ഞിരുന്നുവെന്ന് ജോയ് ആരോപിക്കുമ്പോള്‍ സ്വന്തം ഏരിയ കമ്മിറ്റിയില്‍ ജോയി വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാണ് മധുവിന്റെ പ്രത്യാരോപണം. പുതിയ ഏരിയ സെക്രട്ടറി എം.ജലീലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും മധു ഉന്നയിക്കുന്നു. ഈ പോരിലൂടെ കൂടുതല്‍ പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തേക്കു വരുമോ എന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. മധുവിനെതിരെ ജില്ലാ നേതൃത്വത്തിനു നേരത്തേ പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച കടകംപള്ളി സുരേന്ദ്രന്‍ അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്താമെന്നും വ്യക്തമാക്കി.അതേസമയം, മധു മുല്ലശേരിയുടെ മകന്‍ മിഥുനെ ഡിവൈഎഫ്‌ഐ പുറത്താക്കി. മധുവിനൊപ്പം മിഥുനും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു.