തർക്കം തുടങ്ങിയത് ബേക്കറിയുടെ പങ്കാളിത്തത്തെ ചൊല്ലി; ലക്ഷ്യമിട്ടത് അനിലയെയും ആൺസുഹൃത്തിനെയും
Mail This Article
കൊല്ലം∙ നഗരത്തിലെ ചെമ്മാൻമുക്കിൽ യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് ബേക്കറിയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തർക്കം. നഗരത്തിലെ ആശ്രാമം പരിസരത്ത് അടുത്തിടെ അനില തുടങ്ങിയ ബേക്കറിയിൽ അനിലയുടെ ആൺസുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തമായിരുന്നു തർക്കത്തിന് കാരണം. സുഹൃത്തിനുണ്ടായിരുന്ന പങ്കാളിത്തം ഉടൻ ഒഴിയണമെന്നു പത്മരാജൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.
ബേക്കറിക്കുവേണ്ടി മുടക്കിയ പണം തിരികെ നൽകിയാൽ കടയിലെ പങ്കാളിത്തം വിടാമെന്നാണ് സുഹൃത്ത് പറഞ്ഞിരുന്നത്. എന്നാൽ പത്മരാജനും അനിലയുടെ സുഹൃത്തുമായി സംഭവത്തിന്റെ പേരിൽ കയ്യാങ്കളി നടന്നു. ബേക്കറിക്കായി മുടക്കിയ തുക ഡിസംബർ 10ന് തിരികെ തരാമെന്ന രീതിയിൽ ഒത്തുതീർപ്പും നടന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് രാത്രിയോടെ അനിലയെ പിന്തുടർന്നെത്തിയ പത്മരാജൻ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. കടയിലെ ജീവനക്കാരനായ സോണി എന്ന യുവാവിനെ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു ആക്രമണം. അനിലയുടെ സുഹൃത്തായ യുവാവെന്ന് തെറ്റിദ്ധരിച്ചാണ് സോണിക്ക് നേരെ പത്മരാജൻ പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.