ലോക്കർ തുറന്നതെങ്ങനെ? പൊലീസിന് അദ്ഭുതം; 1.21 കോടിയും 267 പവനും കൊണ്ടുപോയത് 2 ചാക്കിൽ
Mail This Article
കണ്ണൂർ∙ വളപട്ടണം മന്നയിലെ അരിവ്യാപാരി കോറൽവീട്ടിൽ കെ.പി.അഷ്റഫിന്റെ വീട്ടിൽ കഴിഞ്ഞമാസം 20നു 1.21 കോടി രൂപയും 267 പവൻ സ്വർണവും കവർന്ന മോഷ്ടാവിനെ പിടിക്കുക പൊലീസിന് അഭിമാന പ്രശ്നമായിരുന്നു. കാരണം മറ്റൊന്നുമല്ല, കേരളത്തിലെ വീടുകളിൽ നടന്ന ഏറ്റവും വലിയ മോഷണമാണിത്. കേസിൽ പിടിയിലായ അയൽവാസി മുണ്ടച്ചാലി വീട്ടിൽ സി.പി.ലിജേഷിന്റെ (45) മോഷണശൈലി പൊലീസിനെയും അദ്ഭുതപ്പെടുത്തി.
മോഷ്ടാവ് ഇത്ര കൃത്യമായി വീട്ടിലെ ലോക്കർ തുറന്നതെങ്ങനെയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ സംശയം. ലോക്കറിനെക്കുറിച്ചു കൃത്യം ധാരണയുണ്ടെങ്കിലേ ഒരു കേടും വരാതെ തുറക്കാൻ കഴിയൂ. ആദ്യം ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണു ലോക്കർ തുറക്കുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നതും.
വെൽഡിങ് തൊഴിലാളിയായ ലിജേഷിന് മോഷണത്തിൽ ‘തുണയായത്’ തന്റെ ജോലിയാണ്. വീടിന്റെ ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റാൻ ലിജേഷിന് അധിക സമയം വേണ്ടിവന്നില്ല. അകത്തു കയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പുമുറിയിലെ ഒരു അലമാരയിൽനിന്ന് മറ്റൊരു അലമാരയുടെ താക്കോൽ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്. മരത്തിന്റെ അലമാരയുടെ അകത്തായിരുന്നു ലോക്കർ.
ലോക്കർ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധനായ ലിജേഷിന്, 15 കൊല്ലം പഴക്കമുള്ള ലോക്കർ പ്രശ്നമായിരുന്നില്ല. അതുകൊണ്ടുതന്നെ ഉടമയുമായി ബന്ധമുള്ള ആരെങ്കിലുമായിരിക്കുമോയെന്നും പൊലീസ് സംശയിച്ചിരുന്നു. ലോക്കർ തുറക്കാൻ പ്രയാസമൊന്നുമുണ്ടായില്ലെന്നാണ് ലിജേഷ് പൊലീസിനോടു പറഞ്ഞത്. ലോക്കറിൽനിന്നെടുത്ത സ്വർണവും പണവും അവിടെനിന്നെടുത്ത രണ്ടു ചാക്കിലാക്കിയാണു വീട്ടിലേക്കു കൊണ്ടുപോയത്.