‘പ്രതിപക്ഷത്തിന് ഉത്തരകൊറിയയോട് അനുഭാവം’: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യോൾ
Mail This Article
സോൾ∙ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സോക് യോൾ. പ്രതിപക്ഷ പാർട്ടികൾ ഉത്തരകൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഭരണത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് അപ്രതീക്ഷിത പ്രഖ്യാപനം. ഉത്തരകൊറിയൻ കമ്യൂണിസ്റ്റ് ശക്തികളുടെ ഭീഷണിയിൽനിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാനും ഉത്തരകൊറിയൻ അനുകൂലികളായ ദേശവിരുദ്ധരെ ഉന്മൂലനം ചെയ്യാനും ഭരണഘടനാപരമായ ക്രമസമാധാനം സംരക്ഷിക്കാനുമാണ് സൈനിക നിയമം പ്രഖ്യാപിക്കുന്നതെന്ന് ടെലിവിഷൻ സന്ദേശത്തിൽ യോൾ പറഞ്ഞു. രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും യോൾ ആരോപിച്ചു.
യോളിന്റെ പീപ്പിൾ പവർ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ അടുത്തവർഷത്തെ ബജറ്റിനെച്ചൊല്ലിയുള്ള തർക്കം ഉടലെടുത്തതിനു പിന്നാലെയാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റ് ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിനെ അംഗീകരിച്ചിരുന്നു. എന്നാൽ സുപ്രധാന ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നതിനെ വിമർശിച്ച് യോൾ പരസ്യമായി രംഗത്തെത്തി. ലഹരിമരുന്ന് കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പൊതുസുരക്ഷ സംരക്ഷിക്കുന്നതിനുമുള്ള ഫണ്ടാണ് പ്രതിപക്ഷം കുറച്ചതെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നുമാണ് യോളിന്റെ ആരോപണം.