ADVERTISEMENT

കൊച്ചി∙ ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതിന്റെ പേരിൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനിടെ ആനകളെ എഴുന്നള്ളിച്ചപ്പോൾ 3 മീറ്റർ അകലം പാലിച്ചില്ല എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് കേസ്. നാട്ടാനകളുടെ പരിപാലന ചുമതല വഹിക്കുന്ന വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി, വൃശ്ചികോത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസ്.

ഉത്സവം ആരംഭിച്ച നവംബർ 29ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെത്തി ആനകളെ നിർത്തേണ്ട ഇടവും മറ്റും പരിശോധിച്ചിരുന്നു. ഹൈക്കോടതി മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയായിരിക്കും ആനകളെ എഴുന്നള്ളിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന ശീവേലിയിൽ 2 നിരയായാണ് 15 ആനകളേയും മാനദണ്ഡങ്ങള്‍ അനുസരിച്ച് എഴുന്നള്ളിച്ചത്. എന്നാൽ ഇന്നലെ രാത്രി നടന്ന തൃക്കേട്ട പുറപ്പാട് ചടങ്ങിൽ മാനദണ്ഡങ്ങൾ‍ പാലിച്ചില്ല എന്നതിനാലാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.

ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിച്ചില്ല, ആനകളും ജനങ്ങളും തമ്മില്‍ 8 മീറ്റർ അകലമെന്ന നിർദേശം പാലിച്ചില്ല, തീവെട്ടി 5 മീറ്റർ അകലെയായിരിക്കണമെന്ന നിർദേശം പാലിക്കാതെ ആനയുടെ അടുത്ത് കൊണ്ടുപോയി തുടങ്ങിയ കാര്യങ്ങളാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നുവെന്നും മഴ കാരണമാണ് ആനപ്പന്തലിലേക്ക് പതിനഞ്ചാനകളെയും കയറ്റി നിർത്തിയതെന്നും ഉത്സവാഘോഷ ഭാരവാഹികൾ പറഞ്ഞു. കേസെടുത്ത കാര്യം അറിയില്ലെന്നാണ് ഭാരവാഹികൾ പറയുന്നത്. 15 ആനകളെ എഴുന്നള്ളിക്കേണ്ടതുള്ളതിനാൽ മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.

English Summary:

Thrippunithura Sree Poornathrayeesa Temple: Controversy surrounds the Utsavam festival in Kochi as the Thrippunithura Poornathrayeesa Temple faces allegations of violating elephant parade guidelines set by the High Court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com