കളർകോട്ടെ വാഹനാപകടം, രണ്ടരവയസ്സുള്ള കുഞ്ഞിനെ ഉപദ്രവിച്ച ആയമാരുടെ അറസ്റ്റ്: ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
കളർകോടുണ്ടായ വാഹനാപകടത്തിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികൾ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രദ്ധിച്ചത്. അപകടത്തോട് അനുബന്ധിച്ച വാർത്തകൾ, തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിൽ രണ്ടരവയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ആയമാർ അറസ്റ്റിലായത്, ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് കോട്ടയത്ത് പെയ്ത പെരുമഴ, പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി നാളെ ബിജെപിയിൽ ചേരും തുടങ്ങിയവയാണ് ഇന്ന് കേരളം ശ്രദ്ധിച്ച പ്രധാന വാർത്തകൾ.
ലക്ഷദ്വീപിൽ നിന്ന് ഏറെ സ്വപ്നങ്ങളുമായാണ് അപകടത്തിൽ മരിച്ച പി.പി.മുഹമ്മദ് ഇബ്രാഹിം കേരളത്തിലെത്തിൽ പഠിക്കാനെത്തുന്നത്. ജന്മനാട്ടിലേക്ക് മടങ്ങാനായില്ലെങ്കിലും സ്വപ്നങ്ങളുമായെത്തിയ അതേ മണ്ണിൽ ഇബ്രാഹിമിനെ കബറടക്കി. പിതാവ് പി.മുഹമ്മദ് സനീറും മാതാവ് മുംതാസും സംസ്കാരചടങ്ങിനായി എറണാകുളത്ത് എത്തിയിരുന്നു. അതേസമയം കളർകോട് 5 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെ പ്രതിചേർത്തുകൊണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചുവെന്ന കുറ്റമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ രണ്ടര വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ ഉപദ്രവിച്ചത്. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ക്കും എതിരെ പോക്‌സോ ചുമത്തി.
ഫെയ്ഞ്ചലിൽ കോട്ടയത്ത് റെക്കോഡ് മഴ പെയ്തതാണ് മറ്റൊരു വാർത്ത. തമിഴ്നാട് വിറപ്പിച്ച ഫെയ്ഞ്ചൽ കോട്ടയത്തെ പെരുവെള്ളത്തിൽ മുക്കി. 24 മണിക്കൂറിൽ കോട്ടയം ജില്ലയിൽ 124.5 മി.മീ മഴ ലഭിച്ചു. മഴക്കണക്കിൽ രാജ്യത്തു നാലാം സ്ഥാനമാണു ജില്ലയ്ക്ക്.
സമ്മേളനകാലത്ത് പ്രാദേശിക വിഭാഗീയതയില്‍ നട്ടംതിരിയുന്ന സിപിഎമ്മില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്. കായംകുളം ഏരിയ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുന്‍ ഏരിയ സെക്രട്ടറി തന്നെ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ബിജെപിയില്‍ ചേരുന്നത്. മധു മുല്ലശേരി ബുധനാഴ്ച രാവിലെ 10.30ന് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിക്കും.