ഹോട്ടലിനു മുന്നിൽ മന്ത്രവാദം; ഫോൺ വിളിയിൽ ദുരൂഹത: ജീപ്പ് ഓട്ടോയിലിടിച്ച് അപകടം; അവസാനം കൊലപാതകം!
Mail This Article
കൽപറ്റ ∙ നല്ല വീതിയുള്ള റോഡിൽ നേർദിശയിൽ പൊയ്ക്കൊണ്ടിരുന്ന ജീപ്പ് പെട്ടെന്ന് റോഡിന്റെ മറുവശത്തേക്കു വെട്ടിത്തിരിഞ്ഞ്, അതിലേ പോയിരുന്ന ഓട്ടോയിലിടിച്ചത് യാദൃച്ഛികമായിരുന്നോ? അപകടത്തിനു തൊട്ടുമുൻപ് ആ ഓട്ടോക്കാരനെ അവിടേക്കു വിളിച്ചുവരുത്തിയത് ആരാണ്? ജീപ്പ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവർ മരിച്ച സംഭവത്തിൽ പൊലീസിനു തോന്നിയ ഈ സംശയങ്ങളുടെ ഉത്തരം ഞെട്ടിക്കുന്നതായിരുന്നു– അത് അപകടമായിരുന്നില്ല, ആസൂത്രിത കൊലപാതകമായിരുന്നു. ഓട്ടോ ഡ്രൈവർ കാപ്പുംകുന്ന് അബ്ദുൽ നവാസ് മരിച്ച സംഭവത്തിൽ, ജീപ്പ് ഓടിച്ചിരുന്ന സുമിൽഷാദ് കസ്റ്റഡിയിലായി. ആ കൊലപാതകത്തിന്റെ കാരണങ്ങൾ വിചിത്രമായിരുന്നു.
അപകടം നടന്ന റോഡിനു നല്ല വീതിയുണ്ടായിരുന്നു. വളവുകളില്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാം. സുമിൽഷാദ് ഓടിച്ച ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. എതിരെ ഓട്ടോ വന്നപ്പോൾ ജീപ്പ് പെട്ടെന്നു വെട്ടിച്ച്
അതിൽ ഇടിക്കുകയായിരുന്നു. അതിന്റെ ആഘാതത്തിൽ ഓട്ടോ സമീപത്തെ മൺതിട്ടയിലേക്ക് ഇടിച്ചു കയറി. അന്വേഷണം തുടങ്ങിയ പൊലീസിനു സംശയങ്ങളുണ്ടായി.
അപകടം നടക്കുന്നതിനു മുൻപ് സമീപത്തെ പള്ളിക്കു സമീപം ജീപ്പ് നിർത്തിയിട്ട് സുമിൽഷാദ് കാത്തു നിന്നതും മൊബൈൽ ഫോൺ റിങ് ചെയ്തപ്പോൾ പെട്ടെന്ന് വാഹനമെടുത്ത് പോയതും നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അപകടത്തിനു ശേഷം സുമിൽഷാദ് വാഹനത്തിൽ നിന്നിറങ്ങി ഫോൺ െചയ്തതും കണ്ടവരുണ്ട്. പരുക്കേറ്റ അബ്ദുൽ നവാസിനെ ആശുപത്രിയിൽ എത്തിക്കാനും സുമിൽഷാദ് ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാർ നവാസിനെ പിന്നാലെയെത്തിയ വാഹനത്തിലേക്ക് കയറ്റുമ്പോഴും സുമിൽഷാദ് ഇടപെട്ടില്ല.
ഇതോടെ, മരണത്തിനു കാരണമായ അപകടത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പൊലീസ് ആരോപണങ്ങൾ പരിശോധിച്ചു. ചുണ്ടേല്‍ ടൗണിൽ ഹോട്ടൽ നടത്തുന്ന സുമിൽഷാദ് എന്തിനാണ് അപകട സ്ഥലത്തേക്ക് എത്തിയത്? ആരോപണങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഫോൺ രേഖകൾ അടക്കം പരിശോധിച്ച് തെളിവുകൾ കണ്ടെത്തി. ചോദ്യംചെയ്യലിനിടെ തെളിവുകൾ നിരത്തിയതോടെ സുമിൽഷാദ് കുറ്റം സമ്മതിച്ചു– അത് കൊലപാതകമായിരുന്നു. കാരണം വ്യക്തിവൈരാഗ്യവും മന്ത്രവാദവും!
സുമിൽഷാദിന്റെ ഹോട്ടലിനു മുൻവശൻ അബ്ദുൽ നവാസിന് പലചരക്കു കടയുണ്ടായിരുന്നു. സുമൽഷാദിന്റെ ഹോട്ടലിന് മുന്നിൽ മന്ത്രവാദം ചെയ്ത സംഭവമാണ് നവാസിനെ കൊലപ്പെടുത്താൻ കാരണം. ഹോട്ടലിന് മുൻവശത്തുനിന്ന്, വാഴയിൽ വച്ചനിലയിൽ കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞപ്പൊടി, വെറ്റില, പാക്ക് എന്നിവ ലഭിച്ചു. നവംബർ 30 നായിരുന്നു സംഭവം.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവാസാണ് കോഴിയുടെ തലയുൾപ്പെടെ കടയുടെ മുന്നിൽകൊണ്ടുവച്ചതെന്ന് കണ്ടെത്തി. തുടർന്നാണ് സുമിൽഷാദ് അനുജൻ അജിന്റെ സഹായത്തോടെ നവാസിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. നവാസിനെ കൊലപ്പെടുത്താൻ സുമിൽഷാദ് തിരക്കഥ തയാറാക്കി. അപകടത്തിൽ സുമിൽഷാദിനും പരുക്കേറ്റിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.