ശബരിമല തീർഥാടനം സുഗമമാക്കാൻ പൊലീസ് ഗൈഡ്സൈറ്റ്; ഭക്തർക്കു വേണ്ടതെല്ലാം അറിയാം
Mail This Article
കോട്ടയം ∙ അയ്യപ്പദർശനത്തിന് വഴികാട്ടിയാകുന്ന കേരള പൊലീസിന്റെ ഗൈഡ് സൈറ്റ് പുറത്തിറക്കി. മലകയറാൻ എത്തുന്ന അയ്യപ്പഭക്തർക്ക് യാത്ര തുടങ്ങുന്നതു മുതൽ ദർശനം പൂർത്തിയാക്കി മടങ്ങുന്നതു വരെയുളള കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് പൊലീസിന്റെ ഗൈഡ് സൈറ്റ്. ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്കുള്ള ഇടത്താവളങ്ങൾ, യാത്രാവഴികൾ, പൊലീസ് സ്റ്റേഷനുകൾ, പമ്പ മുതൽ സന്നിധാനം വരെയുള്ള വഴികളിലെ സഹായ കേന്ദ്രങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട ഇടങ്ങൾ, ആശുപത്രികളുടെ വിവരങ്ങൾ എന്നിവയാണ് സൈറ്റിലുള്ളത്.
ദർശനത്തിന് എത്തുന്നവർ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും പൊലീസ് ഗൈഡ് സൈറ്റിൽ വ്യക്തമായി പറയുന്നുണ്ട്. ഇതിന് പുറമെ സന്നിധാനത്തെയും പരിസരത്തെയും തത്സമയ കാലാവസ്ഥ വിവരങ്ങളും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ https://sites.google.com/view/infopolicepta/home എന്ന ഓൺലൈൻ ഗൈഡ്ബുക്കിൽ നിന്ന് അറിയാം. അത്യാവശ്യ സഹായത്തിന് വിളിക്കേണ്ട ഫോൺ നമ്പറുകളും ലഭ്യമാണ്.
അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യതിരക്ക് ഒഴിവാക്കുവാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനുമാകുമെന്നും പൊലീസ് പുറത്തിറക്കിയ ഗൈഡ് സൈറ്റിൽ പറയുന്നു. സന്നിധാനത്തെത്താന്‍ പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ വഴി ഉപയോഗിക്കുക, മടക്കയാത്രയ്ക്കായി നടപ്പന്തല്‍ മേല്‍പ്പാലം ഉപയോഗിക്കുക, മലമൂത്രവിസര്‍ജനത്തിന് ബയോ ടോയ്‌ലെറ്റുകൾ ഉപയോഗിക്കുക, പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് യാത്രതിരിക്കുന്നതിനു മുമ്പ് തിരക്കിന്റെ സ്ഥിതി മനസ്സിലാക്കാന്‍ ശ്രമിക്കുക, സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കുക തുടങ്ങി നിരവധി കാര്യങ്ങളും ഗൈഡിൽ പറയുന്നു.
ദർശനത്തിന് എത്തുന്നവർ പ്ലാസ്റ്റിക്കുകൾ പൂർണമായും ഒഴിവാക്കുക തുടങ്ങി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുത്, പമ്പ, സന്നിധാനം, കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലിക്കരുത്, മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കരുത്, ക്യൂ ചാടിക്കടക്കാന്‍ ശ്രമിക്കരുത്, പതിനെട്ടാംപടിയില്‍ തേങ്ങയുടയ്ക്കരുത് തുടങ്ങിയ കാര്യങ്ങളും ഓർമിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ വാഹനങ്ങൾ എവിടെയെല്ലാം പാർക്ക് ചെയ്യാമെന്നതിനെ സംബന്ധിച്ചും പൊലീസ് ഗൈഡിൽ പറയുന്നു. അയ്യപ്പഭക്തർക്ക് സന്നിധാനത്തെ കാലാവസ്ഥ മുൻകൂട്ടി മനസ്സിലാക്കാനുള്ള വെബ്സൈറ്റും ഇതിലുണ്ട്.