കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി: പിന്മാറാൻ താൽപര്യമറിയിച്ച് ടീകോം; നല്‍കിയ ഭൂമി തിരിച്ചുപിടിക്കും
Mail This Article
കൊച്ചി∙ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ദുബായ് കമ്പനിയായ ടീകോമിന് നല്‍കിയ ഭൂമി സർക്കാർ തിരിച്ചുപിടിക്കും. 246 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ടീകോം കമ്പനി തന്നെയാണ് പദ്ധതിയില്‍നിന്നു പിന്‍മാറാന്‍ താൽപര്യമറിയിച്ചത്. സര്‍ക്കാരും കമ്പനിയും പരസ്പര ധാരണയോടെ പിന്മാറ്റ നയം രൂപീകരിക്കും.
ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒകെ ഐഎച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്) എംഡി ഡോ.ബാജൂ ജോര്‍ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
2011ല്‍ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് സ്മാർട്ട് സിറ്റി പദ്ധതിക്ക് ചർച്ചകൾ തുടങ്ങിയത്. വിഎസ് സര്‍ക്കാരിന്‍റെ കാലത്ത് ടീകോമുമായി കാക്കനാട്ട് സ്മാർട്ട് സിറ്റി പദ്ധതിക്കായി കരാർ ഒപ്പിട്ടിരുന്നു. 10 വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴിൽ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ അതിന്‍റെ മൂന്നിലൊന്നു പോലും തൊഴില്‍ കൊടുക്കാനായില്ല.