ഹനീഷ് കാറിലുണ്ടാകുമെന്ന് കരുതി, 300 രൂപയുടെ പെട്രോൾ വാങ്ങി പിന്തുടർന്നു: സംശയരോഗത്തിൽ അരുംകൊല
Mail This Article
കൊല്ലം ∙ ഭാര്യയ്ക്ക് ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൊല്ലം നഗരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് വാൻ കുറുകെയിട്ടു തടഞ്ഞ ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കടപ്പാക്കട നായേഴ്സ് ജംക്‌ഷനു സമീപം ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ അനിലയെ (44) ഭർത്താവ് പത്മരാജനാണ് (60) കൊലപ്പെടുത്തിയത്.
നവംബർ ആറിനാണ് ‘നിള’ എന്ന പേരിൽ അനില ബേക്കറി തുടങ്ങിയത്. ഇതിനു പത്മരാജനും 35,000 രൂപയോളം മുടക്കിയതായി പറയുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും പണം മുടക്കിയിരുന്നു. ഹനീഷ് 1,49,000 രൂപ മുടക്കിയതായാണ് പൊലീസ് പറയുന്നത്. ബേക്കറിയുടെ മുതൽമുടക്ക് 90 ശതമാനവും അനിലയുടേതായിരുന്നു. അനിലയുടെ കാറിൽ ഹനീഷ് ലാലിനെ ചില ദിവസങ്ങളിൽ പത്മരാജൻ കണ്ടിരുന്നു. ബേക്കറിയിലെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലുമായി അനില പുലർത്തിയ ബന്ധത്തെച്ചൊല്ലി പത്മരാജൻ പലപ്പോഴും വഴക്കിട്ടിരുന്നു. ഹനീഷ് ലാലിന്റെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം.
ഹനീഷ് ലാൽ ബേക്കറിയിൽ പതിവായി വരുന്നതും ഇയാൾ ചോദ്യം ചെയ്തു. വഴങ്ങാതിരുന്ന അനിലയുമായി പത്മരാജൻ മാനസികമായി അകന്നു. ഹനീഷും പത്മരാജനും തമ്മിൽ അടിപിടിയും നടന്നു. തുടർന്നു ദിവസങ്ങളോളം വീട്ടിലേക്കു പോകാതിരുന്ന അനില ചെമ്മാൻമുക്കിനു സമീപം വീട് വാടകയ്ക്കെടുത്തു. തുടർന്നു കൊട്ടിയത്തു മധ്യസ്ഥ ചർച്ച നടന്നു. ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാൻ ഇന്നലെ കൊട്ടിയത്തു പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. ഈ തുക പത്മരാജൻ കൊടുക്കണമെന്നു അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായെന്നു പറയുന്നു.
അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്താൻ തഴുത്തല പെട്രോൾ പമ്പിൽ നിന്ന് പത്മരാജൻ 300 രൂപയുടെ പെട്രോൾ വാങ്ങി. ഇത് പിന്നീട് ബക്കറ്റിലാക്കി വാനിന്റെ മുൻ സീറ്റിനു സമീപം സൂക്ഷിച്ചു. ബേക്കറി അടച്ച ശേഷം അനില കാറിൽ മടങ്ങുന്നതു നിരീക്ഷിച്ച് പത്മരാജൻ വാനിൽ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. അനിലയ്ക്കൊപ്പം കാറിൽ ഹനീഷിനെ മുൻപു കണ്ടിട്ടുള്ള പത്മരാജൻ ഇന്നലെയും ഹനീഷ് ഒപ്പമുണ്ടാകുമെന്നാണു കരുതിയത്. എന്നാൽ, ബേക്കറിയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സിമി നിവാസിൽ സോണിയാണ് (39) കാറിൽ ഉണ്ടായിരുന്നത്. ബേക്കറി അടച്ച് അനില കാറിൽ വരുമ്പോൾ പത്മരാജൻ പിന്നാലെ വാനിൽ പിന്തുടർന്നു.
ചെമ്മാൻമുക്കിൽ എത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയ ശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ പത്മരാജൻ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്കു ഒഴിച്ചു തീ കൊളുത്തി. അനിലയാണു കാർ ഓടിച്ചിരുന്നത്. ഇറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം കാറിൽ കുടുങ്ങിയ അനില പൊള്ളലേറ്റു തൽക്ഷണം മരിച്ചു. പൊള്ളലേറ്റു കാറിൽ നിന്ന് ഇറങ്ങിയോടിയ സോണിയെ ആശുപത്രിയിലേക്കു മാറ്റി. പിന്നാലെ പത്മരാജൻ പൊലീസിൽ കീഴടങ്ങി.