കേസ് നിലവിലില്ലെന്ന് പൊലീസ്; യൂട്യൂബര്‍ 'തൊപ്പി'യുടെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി
Mail This Article
കൊച്ചി ∙ താമസ സ്ഥലത്തുനിന്ന് ലഹരി കണ്ടെത്തിയെന്ന കേസിൽ യൂട്യൂബര്‍ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. മുൻകൂർ ജാമ്യം തേടിയ നിഹാദ് അടക്കം 6 പേര്‍ക്കെതിരെയും കേസ് നിലവിലില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി തീർപ്പാക്കിയത്. നിഹാദും സുഹൃത്തുക്കളായ 3 യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ പാലാരിവട്ടം പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചത്.
ഈ മാസം 16നു തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഡാന്‍സഫ് സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ രാസലഹരി പിടികൂടിയെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് കേസിൽ പ്രതിയാക്കിയേക്കുമെന്ന നിഗമനത്തിലാണ് നിഹാദ് അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അടുത്തിടെ താൻ തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും ഇയാള്‍ യുട്യൂബിലൂടെ പറഞ്ഞിരുന്നു. താൻ വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണെന്നും വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.