‘ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; ഇനി ആവർത്തിക്കരുത്’: ഡോളി സമരത്തെ വിമർശിച്ച് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ശബരിമലയിൽ ഡോളി തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണെന്നും അവിടെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.
ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും നിർദേശം നൽകി. ശബരിമലയിൽ പ്രീ പെയ്ഡ് ഡോളി സർവീസ് തുടങ്ങിയതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ 11 മണിക്കൂർ പണിമുടക്കിയിരുന്നു. തുടർന്ന്, ശബരിമല എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ഡോളി ജീവനക്കാർക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അവ മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. ഡോളി സർവീസിന് തുക നിശ്ചയിച്ചിട്ടുണ്ട്. പലരും ദിവസങ്ങളും ആഴ്ചകളുമെടുത്താണ് ശബരിമലയിൽ വരുന്നത്. ചിലർ കടം വാങ്ങിയും മറ്റും വരുന്നുണ്ട്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ ഇങ്ങനെ വരുമ്പോൾ ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന് കോടതി ചോദിച്ചു. തീർഥാടകരെ കൊണ്ടു പോകില്ലെന്ന് പറയുന്നതോ ഇറക്കി വിടുന്നതോ അനുവദിക്കാൻ സാധിക്കില്ല. തീർഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരടക്കം ഒട്ടേറെപ്പേർ പരിമിതമായ സൗകര്യങ്ങളിൽ സ്പെഷൽ ഡ്യൂട്ടി ചെയ്യുന്നുണ്ട്. അതൊക്കെ തീർഥാടകർക്ക് സൗകര്യം ഒരുക്കാനാണ്. അപ്പോഴാണ് അവിടെ പണിമുടക്ക് നടത്തിയിരിക്കുന്നത്. ശബരിമല അത്തരം കാര്യങ്ങൾക്കുള്ള സ്ഥലമല്ല. ഡോളി സർവീസ് നിഷേധിക്കുന്നത് വഴി ഭക്തർക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമാണ് തടസപ്പെടുന്നത്. ഇത്തരം കാര്യങ്ങൾ ഭാവിയിൽ ആവർത്തിക്കുന്നില്ല എന്ന് ചീഫ് പൊലീസ് കോ ഓർഡിനേറ്ററും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.